ദമ്മാം: കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.
ദമ്മാം അൽ അബീർ ഹാളിൽ ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും, തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്റെ മനസ്സ് എന്നും നന്മകൾക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
നവയുഗം ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ജമാൽ വില്യാപ്പള്ളി, ബെൻസി മോഹൻ, ഗോപകുമാർ, ദാസൻ രാഘവൻ, ഉണ്ണി മാധവം, ശരണ്യ ഷിബു, സജീഷ് പട്ടാഴി, ബിനു കുഞ്ഞു, രഞ്ജിത പ്രവീൺ, കൃഷ്ണൻ പേരാമ്പ്ര, രാജൻ കായംകുളം, റഷീദ് പുനലൂർ, ബക്കർ, ജയേഷ്, റിയാസ്, സംഗീത ടീച്ചർ എന്നിവർ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു. യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും, വർഗ്ഗീസ് നന്ദിയും പറഞ്ഞു.
16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നിര്യാതനായത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, വിദ്യാർത്ഥികാലം മുതൽക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു. വർഷങ്ങളായി ദമ്മാമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന സനു മഠത്തിൽ മനുഷ്യസ്നേഹിയും, നിസ്വാർത്ഥനായ ജീവകാരുണ്യപ്രവർത്തകനും, മികച്ച സംഘാടകനും, രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും, പ്രവാസലോകത്തും വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.