ടെഹ്റാൻ: സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ്. പരമാവധി 15 വർഷത്തെ തടവുശിക്ഷയാണ് ലഭിക്കുക. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്. ധാർമിക അപചയത്തിൽ നിന്നും സ്വവർഗരതിക്കുള്ള ആഹ്വാനങ്ങളിൽ നിന്നും ഇറാഖി സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് നിയമത്തിൽ പറയുന്നത്.
മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. 1988ലെ വേശ്യാവൃത്തി നിരോധന നിയമം ഭേദഗതി ചെയ്തതോടെയാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക. അതേസമയം സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അംഗീകരിച്ചില്ല.
വേശ്യാവൃത്തിക്കും സ്വവർഗരതിക്കുമെതിരായ നിയമ പ്രകാരം കുറഞ്ഞത് 10 വർഷവും പരമാവധി 15 വർഷവും തടവുശിക്ഷയാണ് ലഭിക്കുക. സ്വവർഗരതിയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷത്തെ തടവ് ശിക്ഷ ലഭിക്കും. ലിംഗമാറ്റം വരുത്തിയാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ആണ് പെണ്ണിനെപ്പോലെയോ പെണ്ണ് ആണിനെപ്പോലെയോ വസ്ത്രം ധരിച്ചാലും സമാന ശിക്ഷ ലഭിക്കും.
ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ ഉല്‍ സുഡാനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പാര്‍ലമെന്‍റ് ബില്ല് പാസാക്കിയതെന്നും ശ്രദ്ധേയമാണ്. ബില്ലിനെ സ്വാഭാവികമായും അമേരിക്കയും യൂറോപ്യന്‍ യൂണിയനും എതിര്‍ക്കുമെന്നും എന്നാലിത് തികച്ചും ഇറാഖിന്‍റെ ആഭ്യന്തരകാര്യമാണെന്നും അതില്‍ പുറത്ത് നിന്നൊരാളും കൈകടത്തുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇതിനോട് ഇറാഖിന്‍റെ പ്രതികരണം.