ലൈംഗികാതിക്രമ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസെടുത്തു. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ് പൊലീസിന് കൈമാറിയത്.
2019 മുതൽ 2022 വരെ പ്രജ്വൽ പലതവണ പീഡിപ്പിച്ചെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വലിനെതിരെ കേസെടുത്തത്. ഹാസൻ ജില്ലയിലെ ഹൊലെനരാസിപുർ പൊലീസ് സ്റ്റേഷനിലാണ് സിറ്റിങ് എംപി കൂടിയായ പ്രജ്വലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കൂടുതൽ സ്ത്രീകൾ പരാതിയുമായി പിന്നാലെയുണ്ടെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നതിനുശേഷം പ്രജ്വൽ ജര്‍മനിയിലേക്ക് കടന്നതായാണ് വിവരം. പുറത്തുവന്ന വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. നിലവിൽ ലഭിച്ച പരാതി പ്രത്യേക സംഘത്തിന് കൈമാറി. സംഭവത്തിൽ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയമിച്ചത്.