ഡല്‍ഹി: സുനിത കെജ്‌രിവാളിന് അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. നാളത്തെ സന്ദർശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന്‍റെ കാരണം എന്താണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
അതേസമയം, സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പൊതുജനങ്ങളോട് സുനിത കെജ്‌രിവാൾ അഭ്യർഥിച്ചു. വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി മഹാബൽ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുനിത.
സ്‌കൂളുകൾ പണിയുകയും സൗജന്യ വൈദ്യുതി നൽകുകയും ചെയ്‌തതിനാലാണ് കെജ്‌രിവാൾ ജയിലിലായതെന്ന് സുനിത പറഞ്ഞു. ആർക്കും തകർക്കാനോ തലകുനിപ്പിക്കാനോ കഴിയാത്ത വ്യക്തിയാണ് കെജ്‌രിവാളെന്നും അവർ അഭിപ്രായപ്പെട്ടു.
“നിങ്ങളുടെ മുഖ്യമന്ത്രി ഒരു സിംഹമാണ്. ആർക്കും അദ്ദേഹത്തെ തകർക്കാനോ തലകുനിപ്പിക്കാനോ കഴിയില്ല. അദ്ദേഹം ഭാരതമാതാവിന്‍റെ പുത്രനാണ്. ഭാരതമാതാവിന്‍റെ മകൾ എന്ന നിലയിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത് ഏകാധിപത്യത്തിനെതിരെ വോട്ട് ചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനുമാണ്. ദയവായി നിങ്ങളുടെ വോട്ടിന്‍റെ മൂല്യം മനസിലാക്കുക” -സുനിത പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിരുക്കുകയാണ് സുനിത കെജ്രിവാൾ. ദക്ഷിണ ഡൽഹി, ന്യൂഡൽഹി മണ്ഡലങ്ങളിലും ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സുനിത എ.എ.പി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.