ചെന്നൈ: ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 213 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് 134 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മോശം ഫോമിലുള്ള അജിൻക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായി. 12 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത താരത്തെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഷഹ്ബാസ് അഹ്മദ് പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ഡാറിൽ മിച്ചലും ഗെയ്ക്‍വാദും ചേർന്ന് ചെന്നൈ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. 32 പന്തിൽ ഒരു സിക്സും ഏഴ് ഫോറുമടക്കം 52ലെത്തിയ മിച്ചൽ ഉനദ്കട്ടിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടിയാണ് മടങ്ങിയത്. ഇരുവരും ചേർന്ന് 64 പന്തിൽ 107 റൺസ് ചേർന്നാണ് വഴിപിരിഞ്ഞത്.
ശേഷമെത്തിയ ശിവം ദുബെ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. ദുബെ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഗെയ്ക്‍വാദ് പുറത്തായ ശേഷമെത്തിയ എം.എസ് ധോണി രണ്ട് പന്തിൽ ഒരു ഫോറടക്കം അഞ്ച് റൺസുമായി കൂട്ടുനിന്നു.
ചെന്നൈക്കായി ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ദേശ്പാണ്ഡെയുടെ രണ്ടാം ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അടുത്തടുത്ത പന്തുകളില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡും (13 പന്തില്‍ ഏഴ്) ഇംപാക്ട് പ്ലെയറായെത്തിയ അന്‍മല്‍പ്രീത് സിങ്ങും (പൂജ്യം) പുറത്തായി. നാലാമത്തെ ഓവറില്‍ ദേശ്പാണ്ഡെ വീണ്ടുമെത്തി ഓപ്പണര്‍ അഭിഷേക് ശര്‍മയെയും (ഒന്‍പത് പന്തില്‍ 15) മടക്കിയതോടെ പവര്‍ പ്ലേയ്ക്കുള്ളില്‍ത്തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. നിതീഷ് റെഡ്ഢി (15), ഹെന്റിച്ച് ക്ലാസന്‍ (20), അബ്ദുല്‍ സമദ് (19), പാറ്റ് കമിന്‍സ് (5), ഷഹബാസ് അഹ്‌മദ് (7) ഉനദ്കട്ട് (1) എന്നിവരും നിരാശപ്പെടുത്തി.
ചെന്നൈ ബൗളർമാരിൽ ദേശ്പാണ്ഡെയുടെ പ്രകടനത്തിന് പുറമെ മുസ്തഫിസുർ റഹ്മാൻ, മതീഷ പതിരാന എന്നിവർ രണ്ട് വീതവും ഷാർദുൽ താക്കൂർ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.