ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎൽ പോരാട്ടത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ നായകൻ രോഹിത് ശർമ്മയുമായി ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ടീം സെലക്ഷൻ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചെന്നാണ് സൂചനകൾ.
അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഇത്തവണ ലോക പോരാട്ടം. ജൂൺ ഒന്ന് മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക.
വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനു തന്നെയാണ് മുന്‍ഗണന. രണ്ടാം വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിന്റെ പരിചയ സമ്പത്തിനെ വിശ്വസിക്കാൻ തീരുമാനിച്ചാൽ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കും.
ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്‌നസാണ് സെലക്ഷൻ കമ്മിറ്റിയെയും ടീം മാനേജ്‌മെന്റിനെയും അലട്ടുന്ന പ്രധാന പ്രശ്നം. ഹാർദിക്കിനെ ടീമിലുൾപ്പെടുത്തിയാൽ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരിൽ ഒരാൾ മാത്രമെ അവസരമുണ്ടാകൂ.
യുസ്വേന്ദ്ര ചഹലിന് പകരം കുൽദീപിനെയാകും പരിഗണിക്കുന്നത്. മൂന്നാമത്തെ സ്പിന്നറായി ടീമിലെത്താനായി അക്സർ പട്ടേലും രവി ബിഷ്ണോയിയും തമ്മിലുള്ള മത്സരവും ശക്തമാണ്. പേസർമാരിൽ അർഷദീപിനും ആകാശ് ദീപിനും സാദ്ധ്യതയുണ്ട്.