കൊച്ചി : മദ്യം വാങ്ങാന്‍ ബിവറേജ് ഔട്‍ലെറ്റുകളുടെ മുന്നിൽ നീണ്ട ക്യൂ ആണ് നമ്മുടെ നാട്ടിൽ കാണാറുള്ളത്. എന്നാൽ ഇതിന് ഒരു മാറ്റം വേണ്ടേ ? ഏത് ആഘോഷം വന്നാലും മദ്യത്തിന്റെ വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിക്കുന്നത് മലയാളിയുടെ പതിവ് ശൈലിയാണ്. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷമുള്ള കണക്കുകളും പുറത്ത് വരാറുണ്ട്.
മദ്യം വാങ്ങാനുള്ള നീണ്ട നിര റോഡുകളിലേക്ക് എത്തുന്നതിലെ ബുദ്ധിമുട്ടുകളില്‍ കോടതി വരെ ഇടപെടൽ നടത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഈ അവസ്ഥയ്ക്ക് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സംവിധാനത്തില്‍ മദ്യം വാങ്ങാനുള്ള പ്രീമിയം കൗണ്ടറുകള്‍ നിലവില്‍ വന്നത്. നിശ്ചിത വിലയ്ക്ക് മുകളിലുള്ള മദ്യമാണ് പ്രീമിയം കൗണ്ടറുകളില്‍ ലഭിക്കുന്നത്.
ഇപ്പോഴിതാ വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പുത്തന്‍ സംവിധാനത്തില്‍ മദ്യവില്‍പ്പന സാദ്ധ്യമാക്കിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ മൊബൈല്‍ സ്റ്റോര്‍ സംവിധാനത്തില്‍ മദ്യം അടക്കമുള്ള സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും.
വിമാനത്താവളത്തിലെ ഷോപ്പുകളില്‍ തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന സമയങ്ങളില്‍ ക്യൂ നില്‍ക്കാതെ ആവശ്യമുള്ള മദ്യം ഈ വാഹനത്തില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്നതാണ് പ്രത്യേകത.