തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. സംഭവത്തന് പിന്നാെല തെരച്ചിൽ പുരോഗമിക്കുകയാണ്. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.
അതേസമയം, ശക്തമായ കടലാക്രമണം തുടരുന്നതിനിടെ നാലാഴ്ച മുൻപും മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞിരുന്നു. അപകടത്തിൽ കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം മറിഞ്ഞാണ് ആദ്യ അപകടം. വള്ളം കടലിലേക്ക് ഒഴുകി പോയതോടെ കരയ്ക്കെത്തിക്കാനായി പോയ കോസ്റ്റൽ പോലീസിൻ്റെ ബോട്ടും മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു.
അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിൻ്റെ വള്ളം മറിഞ്ഞാണ് ആദ്യ അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളെ മറ്റ് മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജിത്തു (24), അജി (27), അനീഷ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു.
രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റൽ പോലീസ് ബോട്ട് അഴിമുഖം കടക്കവേ തിരയിൽപ്പെട്ടാണ് ബോട്ട് ജീവനക്കാരൻ പ്രദീപിന് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ മറ്റൊരു മത്സ്യബന്ധന വള്ളം തിരയിൽപെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.