കീവ്: മൂന്ന് ഗ്രാമങ്ങൾ വിട്ടു നൽകി യുക്രെയ്ൻ. കിഴക്കൻ മേഖലയിൽ റഷ്യൻ സേനയോടു പിടിച്ചുനിൽക്കാനാവാതെയാണ് പിന്മാറ്റം. കഴിഞ്ഞയാഴ്ച യുഎസ് അനുവദിച്ച ആയുധങ്ങൾ എത്തുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ. ആവശ്യത്തിനു സൈനികരില്ലാത്തതും ആയുധക്ഷാമവുമാണു പിന്മാറ്റത്തിനു കാരണമെന്നു മുതിർന്ന കമാൻഡർ അറിയിച്ചു.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിനു സമീപം കൂടുതൽ റഷ്യൻ സൈന്യം വിന്യസിക്കപ്പെട്ടതും ആശങ്കയുയർത്തുന്നു. റഷ്യയുടെ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണിത്. യുഎസ് നൽകുന്ന ആയുധങ്ങളുടെ വിതരണം തടയാനായി യുക്രെയ്നിലെ റെയിൽ പാളങ്ങൾ റഷ്യ ബോംബിട്ടു തകർക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ഡോണെറ്റ്സ്ക് പ്രവിശ്യയിൽ ഫെബ്രുവരിയിൽ റഷ്യൻ സൈന്യം പിടിച്ച അവ്ദിവ്ക പട്ടണത്തിനു സമീപമുള്ള ഗ്രാമങ്ങളിൽനിന്നാണു പിന്മാറ്റം. അതിനിടെ, തുറമുഖ നഗരമായ മിക്കലൈവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹോട്ടലിനു തീപിടിച്ചു.
ആളപായമില്ല. യുക്രെയ്നിന്റെ നേവൽ ഡ്രോണുകൾ സംഭംരിച്ചിട്ടുള്ള ഷിപ്‌യാഡിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കലുഗ മേഖലയിൽ യുക്രെയ്നിന്റെ 17 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ സേന അവകാശപ്പെട്ടു.