തമിഴ് സിനിമയിലെ ജാതീയതയെക്കുറിച്ച് നടൻ സമുദ്രക്കനി നടത്തിയ പരാമർശം വിവാദമാകുന്നു. തമിഴ് സംവിധായകർ ജാതീയത കാണിക്കാറുണ്ടെന്നായിരുന്നു നടൻ്റെ പ്രതികരണം. സിനിമകളിൽ പ്രവർത്തിക്കാൻ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകർ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് സമുദ്രക്കനി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.
മലയാളസിനിമയെക്കുറിച്ചും താരം പ്രതികരണം നടത്തിയിരുന്നു. മലയാള സിനിമയിൽ ജാതി വേർതിരിവ് താൻ കണ്ടിട്ടില്ലെന്ന് സമുദ്രക്കനി പറഞ്ഞു. നടന്റെ പരാമർശം സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്. സമുദ്രക്കനി സംവിധായകരുടെ പേരുകൾ പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചിലപേരുകൾ പ്രചരിക്കുന്നുണ്ട്.
2003-ൽ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേൻ’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി അഭിനയരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. മലയാളത്തിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ഹനുമാനിലാണ് താരം ഒടുവിലായി വേഷമിട്ടത്.