തൃശൂർ: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി.
ഈ സമയം നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. സമയം അതിക്രമിച്ചെന്നും തിരക്കിൽ സംഘർഷ സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് ദിവസവും 24 മണിക്കൂറും തുടർച്ചെയൂള്ള പരിപാടികൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ സംഘടിപ്പിക്കാറുണ്ട്.
ഇതിനാൽ തന്നെ രാത്രി വിളക്കെഴുന്നള്ളിപ്പിന് ശേഷം പുലർച്ചെ വരെ പ്രദേശത്ത് ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതുവരെയും ഏർപ്പെടുത്താത്ത നിയന്ത്രണങ്ങളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ആചാരങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിലുണ്ടായത്. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും സർക്കാരും പൊലീസും കാണിക്കുന്ന ധാർഷ്ട്യമാണിതെന്നാണ് ഉയരുന്ന വിമർശനം.