തൃശൂർ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ദതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെയും കാലിക്കറ്റ് സർവകലാശാല എൻഎസ്‌എസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി ‘പ്രതീക്ഷാ കിരണം’ ബോധവൽക്കരണ കലായാത്ര സംഘടിപ്പിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, ഇസാഫ് മൾട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ്ജ് തോമസ്, സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പണെങ്ങാടൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്‌സൺ പണെങ്ങാടൻ, ജില്ലാ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് വർഗീസ് എന്നിവർ പ്രസംഗിച്ചു.
മാനസിക സമ്മർദ്ദവും അമിത ഉത്കണ്ഠയും അനുബന്ധ വെല്ലുവിളികളും മികച്ച രീതിയിൽ നേരിടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ബോധവൽക്കരണ കലായാത്രയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇരുപതിലധികം കോളേജുകളിലും പൊതു സ്ഥലങ്ങളിലും ബോധവൽക്കരണ ക്യാംപെയ്‌നുകൾ, വിദഗ്ധരുടെ കൗൺസിലിംഗ് ക്ലാസുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
കോഴിക്കോട് ഫറുഖ് ട്രെയിനിങ് കോളേജിൽ നടന്ന സമാപന സമ്മേളനം പ്രിൻസിപ്പലും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. ടി. മുഹമ്മദ് സലിം ഉദ്‌ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല എൻഎസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. വിജയകുമാർ, ഇസാഫ് ബാങ്ക് റീജിയണൽ ഹെഡ് സെജു എസ് തോപ്പിൽ, ക്ലസ്റ്റർ ഹെഡ് വിജോഷ് വി., ഇസാഫ് ഫൗണ്ടേഷൻ പ്രോഗ്രാംസ് മാനേജർ ജോർജ് എം. പി., ജില്ലാ കോർഡിനേറ്റർ കെ. സബിൻ, എൻഎസ്‌എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
















