ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമ കേസായി മാറാനിടയുള്ള മുൻ പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണയുടെ വീട്ടിൽ നിന്നും പുറത്തു വരുന്നത് ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ എസ്സിന്റെ നേതാവും എച്ച്ഡി ദേവഗൗഡയുടെ പേരക്കുട്ടിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയാണ് കടുത്ത ലൈംഗികാതിക്രമ പരാതി വന്നിരിക്കുന്നത്.
2,976 രഹസ്യ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് തന്റെ പക്കലുണ്ടെന്ന് 2023ൽ ഹോലെനാർസിപുരില് എച്ച്ഡി രേവണ്ണയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ജി ദേവരാജ ഗൗഡ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്രയ്ക്ക് കത്തയച്ചാണ് ഇക്കാര്യം അറിയിച്ചത്. പീഡിപ്പിക്കപ്പെട്ടവരിൽ സർക്കാർ ഉദ്യോഗസ്ഥരും ബിജെപിയിലെയും ജനതാദളിലെയും പ്രവർത്തകരും പെടുന്നുവെന്നാണ് ആരോപണം. ഇതിന്റെയെല്ലാം വീഡിയോ പിടിച്ചതും പ്രജ്വൽ തന്നെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രജ്വലും രേവണ്ണയും തങ്ങളുടെ വീട്ടിൽ ജോലിക്ക് നിർത്തുന്ന സ്ത്രീകളെ പിഡിപ്പിക്കാറുണ്ട്. ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുള്ളത്. പ്രജ്വൽ രേവണ്ണ വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഈ ആറുപേർക്കും ഭയമാണെന്ന് പരാതി നൽകിയ സ്ത്രീ പറയുന്നു. ശ്രദ്ധിക്കണമെന്ന് വീട്ടിലെ പുരുഷജോലിക്കാർ പറയുമായിരുന്നെന്നും പരാതിക്കാരി പറയുന്നു.