നെയ്‌ച്ചോറും നല്ല ചിക്കനും കൂട്ടി ഒരു പിടിപിടിച്ചാൽ…ഭക്ഷണപ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് ചോദിച്ചാൽ നെയ്‌ച്ചോറെന്ന് നിസംശയം പറയാം. കിടുക്കാച്ചി നെയ്‌ച്ചോറിന് വേണ്ടി കിലോമീറ്ററുകൾ സഞ്ചരിക്കാൻ മടിയില്ലാത്തവർ തന്നെയുണ്ട്. ചിക്കനും ബീഫുമൊന്നുമല്ലാതെ ഇഷ്ടപ്പെട്ടതെന്തും ഇതിനൊപ്പം ചേർത്ത് കഴിക്കാം എന്ന പ്രത്യേകതയും ഉണ്ട്. അങ്ങനെയുള്ള നെയ്‌ച്ചോറിൽ അല്പം വെറൈറ്റി നടപ്പാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തോടുന്നത്. നെയ്‌ച്ചോറിന്റെ നിറമാണ് വീഡിയോയുടെ ഹൈലൈറ്റ്. നിറം നീലയാണ്.
‘ദി കുക്കിംഗ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം ഇത് വെൈറലാവുകയും ചെയ്തു. നീല നെയ്‌ച്ചോറിന്റെ പാചകക്കുറിപ്പും വീഡിയോയ്‌ക്കൊപ്പം പാേസ്റ്റുചെയ്തിട്ടുണ്ട്. സാധാരണ നെയ്‌ച്ചോറുണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ് ഇതിലും ഉപയോഗിക്കുന്നത്. പിന്നെങ്ങനെ നിറം നീലയായെന്നല്ലേ സംശയം. ശംഖുപുഷ്പം എന്നാണ് അതിനുള്ള ഉത്തരം. ശംഖുപുഷ്പപത്തിന്റെ ഇതളുകൾ നെയ്‌ച്ചോറിനുള്ള അരിയോടൊപ്പം വേവിച്ചാൽ മാത്രം മതി.
ശംഖുപുഷ്പത്തിന്റെ പൂക്കൾ നന്നായി കഴുകിയെടുക്കുന്ന രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പൂക്കളുടെ ഇതളുകൾ വേർപെടുത്തിയശേഷം അത് ചട്ടിയിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇടുന്നു. അല്പം കഴിയുന്നതോടെ വെള്ളം നല്ല നീല നിറമാകും. ഇതോടെ പൂക്കൾ വെള്ളത്തിൽ നിന്ന് കോരിമാറ്റിയശേഷം അതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ഇടുന്നു. അല്പം കഴിഞ്ഞതോടെ അരിയുടെ നിറവും നീലയാകും. അതിലേക്ക് നറുനെയ് ചേർത്തിളക്കി നെയ്യിൽ വറുത്ത കിസ്മിസും ചേർക്കുന്നതോടെ ആവി പറക്കുന്ന നീല സൂപ്പർ നെയ്‌ച്ചോറ് റെഡി.
സംഗതി അടിപൊളിയാണെന്നാണ് ആഹാരപ്രിയർ ഒന്നടങ്കം പറയുന്നത്. ശംഖുപുഷ്പത്തിന്റെ ഇതളുപയോഗിച്ച് നീല ചായ ഉണ്ടാക്കിക്കഴിച്ചിട്ടുണ്ടെങ്കിലും നെയ്‌ച്ചോറ് ആദ്യമായിട്ടാണ് കാണുന്നതെന്നും എന്തുവന്നാലും പരീക്ഷിക്കുമെന്നുമാണ് മറ്റുചിലർ പറയുന്നത്. ശംഖുപുഷ്പത്തിന്റെ ആരോഗ്യഗുണങ്ങളാണ് വേറെ ചിലർ വിവരിക്കുന്നത്.