വന്ദേ ഭാരത് യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യയിലെ ഏറ്റവും ഒക്യുപെൻസി നിരക്കുള്ള വന്ദേ ഭാരത് സർവ്വീസാണ് ഇപ്പോൾ കേരളത്തിലേത്.അതിവേഗയാത്ര കേരളം എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന് തെളിവായി വന്ദേഭാരത് ട്രെയിനിൽ ഇപ്പോഴും തുടരുന്ന തിരക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2023 ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ വന്ദേ ഭാരത് സർവ്വീസ് കേരളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതെങ്കിലും 28നാണ് സർവ്വീസ് തുടങ്ങിയത്. ആദ്യദിവസം അനുഭവപ്പെട്ട തിരക്ക് പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ടാകുമോയെന്ന് പലരും സംശയിച്ചു. ആ സംശയം വെറുതെയായിരുന്നു.
വന്ദേ ഭാരത് കേരളത്തിൽ വൻ ഹിറ്റായി. രാജ്യത്തെ പലയിടങ്ങളിലും വന്ദേ ഭാരത് സർവ്വീസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം കൂടി നിലനിൽക്കുമ്പോഴാണ് കേരളത്തിൽ വന്ദേഭാരത് ഹിറ്റായത്. യാത്രക്കാർ ഏറെയുള്ള റൂട്ടിലെല്ലാം വന്ദേ ഭാരത് ഹിറ്റാകണമെന്നില്ല. മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 50 ശതമാനത്തിൽ കീഴെയാണ്. ഈ അവസ്ഥ മൂലം പലയിടത്തും സര്‍വ്വീസുകൾ അവസാനിപ്പിച്ച സംഭവങ്ങളും ഉണ്ടായി. ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ അത് വാങ്ങാനുള്ള ക്രയശേഷി കൂടി ആവശ്യമാണ്. കേരളത്തില്‍ അതുണ്ട് എന്ന് തെളിയിക്കപ്പെട്ടു.