മണ്‍ചട്ടിയിലെ മീന്‍കറി അഹാ അന്തസ്സ് ​! പാത്രം മാറിയാൽ ആരോ​ഗ്യം പോകും

ഫസ്റ്റ് ഫുഡിന്റെ കാലമാണ് ഇപ്പോൾ എങ്കിലും പഴയ മൺചട്ടിലെ മീൻ കറിയുടെ സ്വാദ് ആർക്കും മറാക്കാൻ വഴിയില്ല. എന്നാൽ പാത്രം മാറിയാൽ രുചിപോകുമോ? . പാത്രവും രുചിയും തമ്മിൽ എന്ത് ബന്ധം എന്നല്ലേ?. പാത്രവും രുചിയും മാത്രമല്ല ആരോ​ഗ്യം സംരക്ഷിക്കുന്നതിലും നിങ്ങൾ ദിവസവും ഉപയോ​ഗിക്കുന്ന പാത്രങ്ങൾക്ക് സാധിക്കും. പാത്രങ്ങള്‍ ചൂടാകും തോറും അതില്‍ നിന്ന് പലതരത്തിലുള്ള രാസവസ്തുക്കള്‍ പുറപ്പെടുവിക്കുകയും അത് ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. നിത്യോപയോഗത്തിലൂടെ അവയുടെ അളവു ശരീരത്തില്‍ കൂടുകയും അല്‍ഷിമേഴ്‌സ്, വിളര്‍ച്ച, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

ഇന്ത്യയില്‍ സാധാരണയായി സ്റ്റേന്‍ലെസ് സ്റ്റീല്‍, അലുമിനിയം. കോപ്പര്‍, നോണ്‍സ്റ്റിക്, സെറാമിക്, ഇരുമ്പ്, മണ്‍ തുടങ്ങിയ പാത്രങ്ങളാണ് ഉപയോ​ഗിക്കാറ്. ഇതിൽ കൂടുതലും അലുമിനിയവും നോൺസ്റ്റിക് പാത്രങ്ങളുമാണ്. ചൂടുപിടിക്കുന്നതനുസരിച്ച് ഇവയില്‍ നിന്നെല്ലാം പലതരത്തിലുള്ള ഹാനികരമായ രാസവസ്തുക്കള്‍ പുറത്തുവരാം.

നോൺസ്റ്റിക് പാത്രങ്ങള്‍

ഉയർന്ന ഊഷ്മാവിൽ നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ടെഫ്ലോൺ കോട്ടിംഗ് പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് (PFOA) എന്ന രാസവസ്തുവിനെ പുറത്തുവിടും അവ ഭക്ഷണത്തിലേക്ക് സ്വാഭാവികമായും കലരുന്നു. ഇത് ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

അലുമിനിയം പാത്രങ്ങള്‍

ഭാരം കുറഞ്ഞതും പെട്ടന്ന് ചൂടാവുകയും ചെയ്യുമെങ്കിലും അലുമിനിയം പാത്രങ്ങളില്‍ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി അലുമിനിയം പ്രവർത്തിച്ച് രക്തത്തിൽ അലൂമിനിയത്തിൻ്റെ അളവ് വർധിപ്പിക്കും. ഇത് അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോ​ഗ്യ വിദ​ഗ്ധൻ ഡോ. പ്രശാന്ത് റാവു പറയുന്നു.

സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ

സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ പെട്ടന്ന് നശിച്ചു പോകില്ലെന്നതാണ് ഇത്തരം പാത്രങ്ങൾ വാങ്ങാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത് എന്നാൽ അസിഡിറ്റി അല്ലെങ്കിൽ ഉപ്പിട്ട വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഇവ ചൂടാകുമ്പോൾ നിക്കലും ക്രോമിയവും പുറത്തുവിടും.

ചെമ്പ് പാത്രങ്ങള്‍

ചെമ്പ് പാത്രങ്ങളിൽ സിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പാകം ചെയ്യാൻ പാടില്ല. ശരീരത്തിലെ ഉയർന്ന അളവിലുള്ള ചെമ്പ് ആമാശയത്തിനും കരളിനും പ്രശ്നങ്ങൾ ഉണ്ടാക്കും ചിലരിൽ ഛർദ്ദി, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കും.

ഇരുമ്പ് പാത്രങ്ങള്‍

ഇരുമ്പ് പാത്രങ്ങളിൽ പാകം ചെയ്യുന്നത് ശരീരത്തിൽ ഇരുമ്പിൻ്റെ അളവ് വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും പ്രത്യേകിച്ച് ഇരുമ്പിൻ്റെ കുറവുള്ള വ്യക്തികൾക്ക്. ഇരുമ്പ് പാത്രങ്ങളിൽ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ഇരുമ്പിൻ്റെ അംശം വർധിപ്പിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇരുമ്പ് പാത്രത്തിന് മുകളിൽ ഓക്സിഡൈസ്ഡ് പാളി ഉണ്ടാകാതിരിക്കാൻ ഇരുമ്പ് പാത്രം വൃത്തിയാക്കി ശരിയായി ഉണക്കിയെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, അത് വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം.

മൺപാത്രങ്ങൾ

പണ്ട് കാലത്ത് ഏറ്റവും ഉപയോ​ഗിച്ചിരുന്നത് മൺപാത്രങ്ങൾ ആയിരുന്നു. പരമ്പരാഗതവും പ്രകൃതിദത്തവുമായ ഗുണങ്ങൾക്ക് ഏറെയുണ്ട് മൺപാത്രങ്ങൾക്ക്. ഭക്ഷണത്തിന് രുചി നൽകുന്നതിനും ഈർപ്പം നന്നായി നിലനിർത്തുന്നതിനും മൺപാത്രങ്ങൾ നല്ലതാണ്.