ചിലതൊക്കെ അങ്ങനെയാണ് ആദ്യം അർഹിക്കുന്ന വിജയങ്ങൾ ഒന്നും തന്നെ ലഭിക്കാറില്ല എന്നാൽ കാലങ്ങൾക്കു ശേഷമെ അവ ഹിറ്റായിമാറുകയും ചെയ്യാറുണ്ട്. അത്തരം ചില സിനിമകളെ പോലെ തന്നെ ചില കാറുകളുമുണ്ട്. മയവും പണത്തിനൊത്ത മൂല്യവും നല്‍കുന്ന കാറുകള്‍ എല്ലാം ഇന്ത്യന്‍ വിപണിയില്‍ ഹിറ്റാകാറുണ്ട്. എന്നാല്‍ ചില കാറുകള്‍ ഒന്നോ അതില്‍ അധികമോ കാരണങ്ങള്‍ കൊണ്ട് പരാജയമായി മാറുന്നു. സിനിമകള്‍ പോലെ തന്നെ കാലംതെറ്റി ഇറങ്ങി ഫ്ലോപ്പായി പോയ ചില നല്ല കാറുകളെ കുറിച്ച് അറിഞ്ഞിരിക്കാം.
മാരുതി കിസാഷി
കാലംതെറ്റി ഇറങ്ങിയ കാര്‍ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റിയ മോഡല്‍. 2011-ല്‍ ഈ മോഡല്‍ അവതരിപ്പിക്കുമ്പോള്‍ ഇതുപോലെ ഒരെണ്ണം സ്വീകരിക്കാനുള്ള പക്വത ഇന്ത്യന്‍ വിപണിക്ക് കൈവന്നിരുന്നില്ലെന്നാണ് തോന്നുന്നത്. ഇത് തികച്ചും കഴിവുറ്റ ഒരു കാറായിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഫ്ലോപ്പായി മാറി. അതില്‍ ഒരു കാരണം കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (സിബിയു) ആയി ഈ കാര്‍ മാരുതി സുസുക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു എന്നതാണ്.
അതുകാരണം കൊണ്ട് നികുതി വളരെ കൂടുതലാകുകയും ഏകദേശം 16 ലക്ഷം രൂപ വിലയില്‍ വില്‍ക്കേണ്ടിയും വന്നു. അക്കാലത്ത് വളരെ ഉയര്‍ന്ന ഒരു വിലയായിരുന്നു അത്. മാത്രമല്ല അക്കാലത്ത് ആരും മാരുതി സുസുക്കിയെ ഒരു പ്രീമിയം ബ്രാന്‍ഡാക്കി കണക്കാക്കിയിരുന്നില്ല. ഇത്രയും ഭീമമായ തുക ചെലവഴിക്കുമ്പോള്‍ മറ്റ് ഏതെങ്കിലും കമ്പനി നോക്കിക്കൂടേ എന്ന മൈന്‍ഡായിരുന്നു ജനങ്ങള്‍ക്ക്. ആളുകള്‍ ഈ കാറിനോട് മുഖംതിരിഞ്ഞ് നില്‍ക്കാനുണ്ടായ മറ്റൊരു കാരണം ഇതില്‍ ഡീസല്‍ എഞ്ചിന്‍ ഉണ്ടായിരുന്നില്ല എന്നതാണ്.
ടാറ്റ ഹെക്‌സ
ടാറ്റയുടെ ഈ കാര്‍ ഓടിച്ച ആളുകള്‍ അതിന്റെ ഡ്രൈവിബിലിറ്റിയെയും സുഖസൗകര്യങ്ങളെയും പുകഴ്ത്തുന്നത് കാണാം. ടാറ്റയുടെ മറ്റൊരു ഫ്ലോപ്പ് മോഡലായ ആര്യയെ അടിസ്ഥാനമാക്കിയാണ് നിര്‍മാണമെങ്കിലും ഡിസൈന്‍ മുതല്‍ അകത്തളത്തില്‍ വരെയുള്ള എല്ലാ പ്രശ്‌നങ്ങളും ടാറ്റ പരിഹരിച്ചിരുന്നു. എന്നാല്‍ മഹീന്ദ്ര XUV500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ എതിരാളികളുടെ സാന്നിധ്യം കൂടിയാണ് ഹെക്‌സയെ ബാധിച്ചത്. അക്കാലത്ത് മഹീന്ദ്രയുടെയും ടൊയോട്ടയുടെയും ബ്രാന്‍ഡ് വാല്യു ടാറ്റക്ക് ഉണ്ടായിരുന്നില്ലെന്നതും മറ്റൊരു കാരണമായി.
ടൊയോട്ട യാരിസ്
മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ ടൊയോട്ട കൊണ്ടുവന്ന പോരാളിയായിരുന്നു യാരിസ്. സിയാസ്, വെര്‍ണ തുടങ്ങിയ മോഡലുകളുടെ എതിരാളിയായി എത്തിയ യാരിസിന് പക്ഷേ വില്‍പ്പന ചാര്‍ട്ടില്‍ ശോഭിക്കാനായില്ല. നല്ല ഡിസൈന്‍, കൈനിറയെ ഫീച്ചറുകള്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയൊക്കെ ഈ മോഡലിനുള്ള അനുകൂല ഘടകങ്ങളായിരുന്നു.
കഴിവുറ്റ കാറായിരുന്നിട്ടും വിലയും ഡീസല്‍ എഞ്ചിന്റെ അഭാവവും വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം പറയാന്‍. പുതിയ തലമുറ യാരിസ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ചില ആഗോള വിപണികളില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. എങ്കിലും നിലവില്‍ രാജ്യത്ത് നിലവിലുള്ള സെഡാന്‍ കാറുകള്‍ തന്നെ വില്‍പ്പനയില്‍ കിതയ്ക്കുന്നതിനാല്‍ യാരിസ് തിരികെയെത്താന്‍ സാധ്യത നന്നേ കുറവാണ്.
സ്‌കോഡ യെതി
പട്ടികയില്‍ ഇടംകണ്ടെത്തിയ രണ്ടാമത്തെ സ്‌കോഡ കാര്‍. യൂറോപ്യന്‍ ഡിസൈനും ജര്‍മ്മന്‍ നിലവാരവുമുള്ള എസ്യുവികളുടെ കൂട്ടത്തിലേക്ക് തികച്ചും വ്യത്യസ്തമായ ലുക്കില്‍ വന്നിറങ്ങിയ മോഡലായിരുന്നു യെതി. 4×2, 4×4 ശേഷിയും 2.0 ലിറ്റര്‍ എഞ്ചിനും ലഭിച്ചിരുന്ന ഈ കാറിനും വിനയായത് വിലയായിരുന്നു. സ്‌കോഡ യെതിയുടെ വില ഏകദേശം ടൊയോട്ട ഫോര്‍ച്യൂണറിന്റെ തൊട്ടടുത്ത് വരുമായിരുന്നു. ചെക്ക് കമ്പനിയുടെ മോഡല്‍ നിരയിലേക്ക് കൊഡിയാക് കൂടി എത്തിയതോടെ യെതി വിസ്മൃതിയിലാണ്ടു.
സ്‌കോഡ ഒക്ടാവിയ കോമ്പി
കാലംതെറ്റി ഇറങ്ങിയ കാറുകളുടെ പട്ടികയില്‍ ഇടംനേടിയ സ്‌കോഡ കാറാണ് ഒക്ടാവിയ കോമ്പി. ഇന്ത്യയില്‍ എസ്‌റ്റേറ്റ് കാറുകള്‍ അധികം പച്ചതൊട്ടിട്ടില്ല. അതേ വിധിയാണ് ഒക്ടാവിയ കോമ്പിക്കും ഉണ്ടായത്. 2002-ലാണ് ഈ കാര്‍ പുറത്തിറങ്ങിയത്.
യൂറോപ്യന്‍ ഡിസൈന്‍, സൂപ്പര്‍ പ്രാക്ടിക്കലിറ്റി, മികച്ച പെര്‍ഫോമന്‍സ് എന്നിവയുണ്ടായരുന്നെങ്കിലും വില്‍പ്പന കുറവായതിനാല്‍ നിര്‍ത്തലാക്കി. മികച്ച ബൂട്ട് സ്‌പെയ്‌സുള്ള കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോമ്പി തിരികെ കൊണ്ടുവരുന്നത് പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.