നില്പിലും മുഖഭാവത്തിലും ഇത് സുരേഷ് ഗോപി തന്നെ. പക്ഷെ ഹെയർസ്റ്റൈൽ എന്താ ഇങ്ങനെ? രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്ന ഒരു വീഡിയോ ദൃശ്യത്തിലെ വ്യക്തിയാണിത്. ആരു കണ്ടാലും ആദ്യ നോട്ടത്തിൽ എന്നല്ല, രണ്ടാമത്തെ നോട്ടത്തിലും ഇത് സുരേഷ് ഗോപി അല്ല എന്ന് പറയില്ല. തൃശൂരിൽ നിന്നുള്ള ദൃശ്യമാണ് ഈ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നിൽ.
View this post on Instagram
നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
View this post on Instagram
സിനിമ പിആർഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ‘‘തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും’’ എന്ന തലക്കെട്ടോടെയാണ് മഞ്ജു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. നിൽപിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജൻ സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറി.
View this post on Instagram
കൊല്ലം സ്വദേശികളായ ഗോപിനാഥൻ പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനിൽ ഗോപി, സുനിൽ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങൾ കൂടിയുണ്ട്. കൊല്ലത്താണ് ജനനം എങ്കിലും, സുരേഷ് ഗോപി താമസം ആരംഭിച്ചത് തിരുവനന്തപുരത്താണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തൃശൂരിൽ നിന്നും. ഇക്കുറി തൃശൂരിൽ തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.