ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നു എന്ന തരത്തിലൊരു വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോൾ അത് ഷാരൂഖ് ഖാന്റെ വീഡിയോ അല്ലായെന്നും, ഷാരൂഖുമായി രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖാദ്രി എന്ന ആളാണെന്നും തെളിഞ്ഞു. ഇപ്പോള്‍ തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടർ അല്ലു അര്‍ജുനെതിരെ ആരോപണവുമായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടൻ അല്ലു അര്‍ജുന്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി എന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് അവകാശപ്പെടുന്നത്.
എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.
അല്ലു അര്‍ജുന്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നതിന്‍റെതാണ് വീഡിയോ. വാഹനത്തിന് മുകളില്‍ നിന്നുകൊണ്ട് അല്ലു ആരാധകരെ നോക്കി ചിരിക്കുകയും കൈവീശി കാണിക്കുകായും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അല്ലു കഴുത്തില്‍ ത്രിവര്‍ണ നിറത്തിലുള്ള ഷാള്‍ അണിഞ്ഞിട്ടുണ്ട്. തൊട്ടടുത്തായി അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്‌ഡിയെയും കാണാം. ഇതൊക്കെ മുൻനിർത്തിയാണ് അല്ലു അർജുൻ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്ന അവകാശവാദം വ്യാപകമായിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറായ അല്ലു അർജുൻ കോൺഗ്രെസ്സിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രങ്ങൾക്കൊപ്പം കൊടുത്തിരിക്കുന്ന തലക്കെട്ട്.
അല്ലു അര്‍ജുന്‍റെതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. വീഡിയോയുടെ യാഥാർഥ്യം അന്വേഷിച്ചപ്പോൾ ഷാരൂഖ് ഖാന്റെതെന്ന തരത്തിൽ പ്രചരിച്ച വിഡിയോയിൽ തെളിഞ്ഞതുപോലെ അല്ലു അർജുന്റെ അപരനൊന്നുമല്ല, അല്ലു തന്നെയാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ വീഡിയോ പഴയതാണ്. 2022ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. 2022 ഓഗസ്റ്റ് 25ന് യൂട്യൂബില്‍ ഈ വീഡിയോയുടെ പൂര്‍ണരൂപം അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം. വിഡിയോയിൽ അല്ലു അർജുൻ ദേശീയ പതാക പിടിച്ചുനില്‍ക്കുന്നത് കാണാം. പരിപാടിയില്‍ അല്ലുവിനൊപ്പം ഭാര്യ സ്നേഹ റെഡ്ഡിയുമുണ്ടായിരുന്നു.
2022-ൽ ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. എല്ലാ മാധ്യമങ്ങളിലും അന്ന് ഈ വാർത്ത വന്നിരുന്നു. 5 ലക്ഷം പേരാണ് അന്ന് ഈ ചടങ്ങിൽ പങ്കെടുത്തത്. അല്ലു അർജുൻ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്തിരുന്നു. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് തെന്നിന്ത്യൻ സൂപ്പർ തരാം അല്ലു അർജുൻ കോൺഗ്രെസ്സിനുവേണ്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. 2022ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.