പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കോംപാക്ട് എസ് യുവിയായ എക്‌സ് യുവി 300ന്റെ പരിഷ്‌കരിച്ച പതിപ്പായ എക്‌സ് യുവി 3xo ഇന്ന് ഇന്ത്യന്‍ വിപണിയില്‍. കോംപാക്ട് എസ് യുവി വില്‍പ്പന രംഗത്ത് മാരുസി സുസുക്കിയുടെ ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യൂ എന്നിവയോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് മഹീന്ദ്ര പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്.
ക്രോം ഇന്‍സേര്‍ട്ടുകള്‍,പരിഷ്‌കരിച്ച ഹെഡ്ലൈറ്റുകള്‍,ഡേ ടൈം റണ്ണിംഗ് ലാമ്പ് എന്നിവയോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ഫീച്ചറാണ് നവീകരിച്ച ഫ്രണ്ട് ഫാസിയയില്‍ കാണാന്‍ സാധിക്കുക. പരിഷ്‌കരിച്ച ടെയില്‍ഗേറ്റിലെ എല്‍ഇഡി ലാമ്പ് പിന്‍ഭാഗത്തിന് മിഴിവേകുന്നു.ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകളും ഇതില്‍ പ്രതീക്ഷിക്കാം.
അത്യാധുനിക രൂപത്തിലുള്ള ഡാഷ്‌ബോര്‍ഡാണ് വാഹനത്തിന്റെ അകത്ത് സജ്ജീകരിച്ചിരിക്കുന്നത്. XUV 400ന്റെ മാതൃക സ്വീകരിച്ചാണ് ഡാഷ് ബോര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്.പൂര്‍ണ്ണമായും നവീകരിച്ച ക്യാബിന്‍ ഒരു ആഢംബര ലുക്ക് നല്‍കുന്നു.10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും അകത്തളത്തില്‍ കാണാം. നിരവധി സ്വിച്ചുകളുള്ള ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍, പുതിയ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 7-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വൈപ്പറുകളുള്ള ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍.
115 hp, 300 Nm 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍, 110 hp, 200 Nm 1.2ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 130 hp, 200 nm 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ( ടര്‍ബോസ്‌പോര്‍ട് വേരിയന്റ്) എന്നിങ്ങനെ മൂന്ന് കരുത്തുറ്റ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റികും ഇതിന്റെ പ്രത്യേകതയാണ്. ലിറ്റിന് 20.1 മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.