തിരുവനന്തപുരം : കെഎസ്ആർടിസി ഡ‍്രൈവറുമായി നടുറോഡിൽ തർക്കിച്ച സംഭവത്തിൽ മേയറുടെ വാദങ്ങൾ പൊളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന ബസിന്റെ യാത്ര തടസപ്പെടുത്തി മേയറുടെ കാർ നിർത്തിയിട്ടത് ദൃശ്യങ്ങളിൽ ഉണ്ട്. ഇതോടെ സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് മേയറും എംഎൽഎയും ഡ്രൈവറോട് സംസാരിച്ചത്, ഡ്യൂട്ടി തടസപ്പെടുത്തുന്ന തരത്തിൽ മേയർ വാഹനം ഇട്ടില്ലെന്നായിരുന്നു പൊലീസിന്റെയും മേയറുടെയും വാദം പൊളിഞ്ഞു.
സീബ്രാ ലൈനിൽ ബസിന് മുന്നിൽ കാർ കുറുകെയിട്ടു. കെഎസ്ആർടിസി ബസിന്റെ യാത്ര തടഞ്ഞുവെന്ന് ദൃശ്യങ്ങളിൽ വ്യക്തം. ഏറെ നേരം പരസ്പരമുള്ള പോർവിളികൾക്ക് ശേഷമാണ് പിന്നീട് വാഹനം മാറ്റിയിടുന്നത്. മുൻഭാഗത്ത് വാഹനം ഇട്ടെന്നും പിന്നീട് മാറ്റുകയും ചെയ്തുവെന്നാണ് ഇന്ന് മേയർ പറഞ്ഞത്. ഇതിനെയെല്ലാം തകിടം മറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ അറിയിച്ചിരുന്നു.
മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിൽ കലാശിച്ചത്. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെ നിർത്തി. സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉണ്ടായിരുന്നു.