മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്ത്. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ല. അതിനാൽ, പൊലീസ് റിപ്പോർട്ടും കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതുവരെ നടപടിയെടുക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഒരു മധ്യമത്തോടാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്. ഇതോടെ സച്ചിൻ ദേവ് എംഎൽഎ മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. ന്യായത്തിന്റെ ഭാഗത്ത് നിൽക്കണം. മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്ന് കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ല.
പോലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രം യദുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകും എന്നാണ് മന്ത്രി പറഞ്ഞത്. യദുവിന് പിന്തുണയുമായി കെഎസ്‌ആർടിസിയിലെ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മേയർക്കെതിരായുള്ള രാഷ്‌ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് സിപിഎം നേതാക്കളുടെ വാദം. സംഭവത്തിൽ ഗണേശ് കുമാറിന്റെ നിർദേശപ്രകാരമാണ് ദൃക്‌സാക്ഷികളോട് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ റിസർവേഷനിൽ യാത്ര ചെയ്‌തവരുടെ ഫോൺ നമ്പറുകളെടുത്താണ് വിജിലൻസ് മൊഴി രേഖപ്പെടുത്തിയത്.