കുടുംബത്തോടൊപ്പം യാത്രകൾ ഇഷ്ട്ടപെടുന്നവർക്ക് ഇത് ഒരു സന്തോഷവാർത്തയാണ്. നാലുപേർക്ക് മാതരം അല്ല ഏഴുപേരെപോലും സുഖമായി കൊണ്ടുപോകാൻ ഈ വണ്ടിക്കാവും. കുന്നും മലയും പുഴയും താണ്ടാൻ കെൽപ്പുള്ള ഗൂർഖയെ വണ്ടിപ്രേമികൾ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ദേസി ജി-വാഗൺ. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ വൻഫാൻബേസുള്ള എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. ആദ്യതലമുറ മുതൽ ഈയൊരു രംഗത്ത് വിപ്ലവം തീർത്ത മോഡൽ അന്നും ഇന്നും മഹീന്ദ്ര ഥാറിന് ഒരു വെല്ലുവിളിയാണ്.
ടെമ്പോ, ട്രാക്‌സ്, ട്രാവലർ, അർബാനിയ തുടങ്ങിയ വാനുകൾ നിർമിക്കുന്നതിലും മെർസിഡസിനായി ഇന്ത്യയിൽ വാഹനങ്ങളും എഞ്ചിനുകളും അസംബിൾ ചെയ്യുന്നതിനും പേരുകേട്ട വാഹന നിർമാതാക്കളാണ് ഫോഴ്‌സ് മോട്ടോർസ്. അപ്പോൾ തന്നെ ഗൂർഖയുടെ റേഞ്ചും മനസിലാക്കാമല്ലോ. പക്ഷേ ഇന്നും അണ്ടർറേറ്റഡ് എസ്‌യുവിയായി തുടരുന്ന മോഡലിന്റെ ശരിക്കുള്ള കഴിവുകൾ പലരും മനസിലാക്കിയിട്ടില്ലെന്നതാണ് സത്യം.
എങ്കിലും നിത്യേന ഉപയോഗിക്കാനുള്ള ചെറിയൊരു പ്രായോഗികതക്കുറവ് ഫോഴ്‌സ് ഗൂർഖയിൽ പലരും കണ്ടിരുന്നു. ഇതെല്ലാം മാറ്റി അടിമുടി കിടിലനായിരിക്കുകയാണ് ഗൂർഖാജി. മഹീന്ദ്ര ഥാർ 5-ഡോർ വരുന്നതിനു മുമ്പ് ഗൂർഖ 5-ഡോർ മോഡലിനെ ഇന്ത്യക്കാർക്കായി സമ്മാനിക്കുമെന്ന വാക്ക് ഫോഴ്‌സ് നൽകിയിരുന്നു. ഉടൻ തന്നെ ഈ വാക്ക് പാലിക്കുമെന്നും ഉറപ്പാണ്. ദിവസങ്ങൾക്കുള്ളിൽ പുത്തൻ മോഡലിന്റെ അവതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഇന്ത്യയിലെ ലൈഫ് സ്‌റ്റൈൽ ഓഫ്-റോഡ് വാഹന വിഭാഗത്തിൻ്റെ മുഖംതന്നെ മാറ്റിമറിക്കാനുള്ള എല്ലാത്തരം സാങ്കേതിക സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് പുതിയ ഗൂർഖയെ കമ്പനി ഒരുക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഇപ്പോഴിതാ ഗോവയിലെ പുതിയ 2024 ഫോഴ്‌സ് ഗൂർഖയുടെ 5-ഡോർ മോഡലിനെ റിവ്യൂ ചെയ്യാനായി ഞങ്ങൾക്ക് കമ്പനി തരികയുണ്ടായി. പുതിയ ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പുയർത്തിയ വണ്ടി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അതറിയാനായി റിവ്യൂ വിശേഷങ്ങൾ തുടർന്ന് വായിക്കാം.
ഡിസൈനും ഫീച്ചറുകളും
കാഴ്ച്ചയിൽ വലിപ്പം കൂടിയിട്ടുണ്ടെന്നതിന് പുറമെ ഡിസൈനിലൊന്നും കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നുമില്ലാതെയാണ് ഫോഴ്‌സ് ഏറ്റവും പുതിയ 5-ഡോർ ഗൂർഖയെ പണികഴിപ്പിച്ചിരിക്കുന്നത്. 2021-ൽ രണ്ടാംതലമുറ ആവർത്തനത്തിലേക്ക് മാറ്റിയ അതേരൂപമാണ് വാഹനത്തിന് ഇപ്പോഴുമുള്ളത്. കുറച്ച് ട്വീക്കുകളുണ്ടെങ്കിലും ജി-വാഗനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ അതേപടി നിലനിർത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.
മുൻവശത്ത് വൃത്താകൃതിയിലുള്ള ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളോട് കൂടിയ പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഫോഴ്‌സ് ഗൂർഖയിൽ കമ്പനി അവതരിപ്പിക്കുന്നത്. ഗൂർഖയെന്ന പേര് വഹിക്കുന്ന ടൂ സെക്ഷൻ ഗ്രില്ലാണ് മറ്റൊരു പ്രധാന നവീകരണം. വശക്കാഴ്ച്ചയിലേക്ക് വന്നാൽ അധിക ഡോർ നൽകിയിരിക്കുന്നതാണ് പ്രധാന ആകർഷണം. ഒപ്പം പുതിയ 18 ഇഞ്ച് അലോയ് വീലുകൾ കൂടിയാവുന്നതോടെ സംഭവം കളറാവുന്നുണ്ട്. സ്നോർക്കൽ എയർ ഇൻടേക്ക് അതേപടി നിലനിർത്തിയിട്ടുമുണ്ട്.
3-ഡോർ ഗൂർഖയുമായി താരതമ്യപ്പെടുത്തുമ്പോൾ വീൽബേസ് അല്പം കൂടി വലുതായിട്ടുണ്ടെന്നത് അകത്തെ സ്പേസ് വർധിക്കാൻ കാരണമായിട്ടുണ്ട്. 5-ഡോർ ഗൂർഖയ്ക്ക് ഡ്രൈവറടക്കം 7 പേർക്ക് ഇരിക്കാൻ കഴിയും. അതേസമയം ത്രീ ഡോർ മോഡലിലെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇതിൽ നാല് പേർക്കാണ് സഞ്ചരിക്കാനാവുക. പുതിയ 5-ഡോർ മോഡലിലെ രണ്ടാം നിരയിൽ ബെഞ്ച് ടൈപ്പ് സീറ്റും മൂന്നാം നിരയിൽ ക്യാപ്റ്റൻ സീറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സീറ്റിംഗ് തികച്ചും സൗകര്യപ്രദമാണെന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞേക്കാം. യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ ഇന്റീരിയറിൽ കാര്യമായ പരിഷ്ക്കാരങ്ങൾ തന്നെ കൊണ്ടുവന്നിട്ടുണ്ട്. വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഫോഴ്‌സ് ഗൂർഖയിൽ ഇത്തവണ നൽകിയിട്ടുള്ളത്. ടിൽറ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, TFT ഡ്രൈവർ ഡിസ്പ്ലേ എന്നിവയും പുതിയതാണ്.
സ്പീഡ്, TPMS പോലുള്ള സവിശേഷതകൾ പുതുക്കിയ ഡിജിറ്റൽ സ്ക്രീനിലൂടെ കാണാനാവും. സെൻട്രൽ ടണലിലേക്ക് നോക്കിയാൽ ഇന്റീരിയറിലെ മറ്റൊരു വലിയ മാറ്റം ദൃശ്യമാകും. ട്രാൻസ്ഫർ കേസിനുള്ള രണ്ടാമത്തെ ഗിയർ സ്റ്റിക്കിന് പകരം 2 ഹൈ, 4 ലോ, 4 ഹൈ എന്നിവ ഇലക്‌ട്രോണിക് ആയി മാറ്റാൻ അനുവദിക്കുന്ന ഒരു ഡയലാണ് ഇത്തവണ ഓഫ്-റോഡർ എസ്‌യുവിയിലേക്ക് വന്നെത്തിയിരിക്കുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാല് സ്പീക്കറുകൾ, യുഎസ്ബി പോർട്ടുകൾ, HVAC കൺട്രോളുകൾ, ഒരു 12 V സോക്കറ്റ്, സെൻട്രൽ ലോക്കിംഗ് പോലുള്ള സവിശേഷതകളും വാഹനത്തിലുണ്ട്. സേഫ്റ്റിയിലും ആള് പുലിയാണെന്നാണ് ഫോഴ്‌സ് അവകാശപ്പെടുന്നത്. പുതിയ ഗൂർഖയ്ക്ക് എബിഎസ്, ഇബിഡി എന്നിവയ്‌ക്കൊപ്പം രണ്ട് എയർബാഗുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. കൂടാതെ ഡ്രൈവർ ഡിസ്‌പ്ലേയുമായി ബന്ധിപ്പിച്ചിരിക്കുന്ന ടിപിഎംഎസ് സംവിധാനവും ലഭിക്കുന്നു.
വലിപ്പം
മുകളിൽ സൂചിപ്പിച്ചതു പോലെ അധിക രണ്ട് ഡോറുകളുടെ വരവ് വാഹനത്തിന്റെ വലിപ്പം വർധിക്കാൻ കാരണമായിട്ടുണ്ട്. 5-ഡോർ പതിപ്പിന് അതിൻ്റെ 3-ഡോർ മോഡലിനേക്കാൾ അല്പം ഉയരം കൂടുതലുമാണ്. 4,390 മില്ലീമീറ്റർ നീളവും 1,865 മില്ലീമീറ്റർ വീതിയും 2,095 മില്ലീമീറ്റർ ഉയരവും 2,825 മില്ലീമീറ്റർ നീളമുള്ള വീൽബേസുമുണ്ട്. 3-ഡോർ മോഡലിന് 3,965 mm നീളവും 1,865 mm വീതിയും 2,080 mm ഉയരവും 2,400 mm വീൽബേസുമാണ് കിട്ടുക.
3-ഡോർ ഗൂർഖയ്ക്ക് അതിൻ്റെ 5-ഡോർ മോഡലിനെ അപേക്ഷിച്ച് 15 mm നീളവും 425 mm നീളവും കുറവാണ്. ത്രീ-ഡോറിൻ്റെ 2,800 കിലോഗ്രാം ഭാരവുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ പുതിയ പതിപ്പിന് മൊത്തത്തിൽ 3,125 കിലോഗ്രാം ഭാരവുമുണ്ട്. 6.3 മീറ്റർ വലിപ്പമായപ്പോൾ 0.8 മീറ്റർ നീളമുള്ള ടേണിംഗ് റേഡിയസ് ആണ് 5-ഡോർ മോഡലിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു കാര്യം.
എഞ്ചിൻ
കൂടുതൽ ശക്തമായ മെർസിഡീസിൽ നിന്നുള്ള 2.6 ലിറ്റർ OM616 ടർബോ ഡീസൽ എഞ്ചിനാണ് ഗൂർഖയ്ക്ക് തുടിപ്പേകാൻ എത്തുന്നത്. ഇത് 138 bhp കരുത്തിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് മുമ്പുണ്ടായിരുന്ന എഞ്ചിനെ അപേക്ഷിച്ച് പവറും ടോർക്കും കൂടുതലാണെന്ന് സാരം. bhp 49 ആയി കൂടിയപ്പോൾ ടോർക്ക് ഔട്ട്പുട്ട് 70 Nm ആയി ഉയർന്നു. എഞ്ചിൻ ഇപ്പോഴും 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ-വീൽ ഡ്രൈവുമായാണ് വരുന്നത്.
ഡ്രൈവിംഗ്
പുതിയ ഗൂർഖ ഡ്രൈവിംഗിൽ അൽപം കൂടി മികച്ചതായിട്ടുണ്ടെന്ന് വേണം പറയാൻ. എന്നാൽ പുതിയ 5-ഡോർ വേരിയന്റിൻ്റെ അധിക ഭാരവും 3,500 rpm എന്ന കുറഞ്ഞ റെഡ്‌ലൈനും ഹാർഡ്കോർ ഡ്രൈവിംഗ് പ്രേമികളെ നിരാശപ്പെടുത്തിയേക്കാം. ഓവർടേക്കിംഗും മറ്റും ചെയ്യാൻ അൽപം പരിശ്രമിക്കേണ്ടിയും വന്നേക്കാം. ആക്സിലറേഷൻ ഒരു പരിധിവരെ മാന്യമാണെങ്കിലും ഉയർന്ന വേഗതയിലെത്താൻ സമയമെടുക്കുന്ന കാര്യമാണ്.
സസ്പെൻഷൻ സോഫ്റ്റായതിനൊപ്പം സ്റ്റിയറിംഗ് വീൽ ലൈറ്റ്-വെയ്റ്റ് ആയതും തരക്കേടില്ലാത്ത അനുഭവമാണ് നൽകുന്നത്. പിന്നെ യാത്രകളെ മടുപ്പിക്കുന്ന വലിയ തോതിലുള്ള ബോഡി റോളൊന്നും പുത്തൻ ഗൂർഖയിൽ ഉള്ളതായി തോന്നുന്നില്ല. ഗൂർഖ ആദ്യം നിർമിച്ചത് ഒരു ഓഫ്-റോഡർ എന്ന നിലയിലാണ്. അതിനാൽ തന്നെ ഈ മേഖലയിൽ വണ്ടിക്ക് പകരംവെക്കാൻ മറ്റൊരു മോഡലുണ്ടോ എന്നുവരെ സംശയിച്ചേക്കാം.
കൂടുതലും ഓഫ്-റോഡാണ് ഉന്നമെങ്കിൽ നിസംശയം വാങ്ങാം ഫോഴ്‌സ് ഗൂർഖയെ. 233 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ലൈവ് ഫ്രണ്ട് (ഇൻഡിപെൻഡൻ്റ്), റിയർ (റിജിഡ്) ആക്‌സിലുകൾ, കോയിൽ സ്പ്രിംഗ് സസ്‌പെൻഷൻ, ഓൾ-ടെറൈൻ ടയറുകൾ എന്നിവ ദേസി ജി-വാഗണിന്റെ കഴിവുകൾ ഉയർത്തുന്നുണ്ട്. മാരുതി ജിംനി, വരാനിരിക്കുന്ന 5-ഡോർ മഹീന്ദ്ര ഥാർ എന്നിവയിൽ നിന്നുള്ള മത്സരത്തെ മറികടക്കാൻ ഫോഴ്‌സ് ഗൂർഖയെ കുറച്ചുകൂടി പ്രായോഗികമായിട്ടുണ്ടെന്ന് മൊത്തത്തിൽ പറയാം.