മലയാളികളുടെ പ്രിയ താരമാണ് നടിയും നൃത്തകിയുമായ നവ്യ നായർ. അഭിനയത്തിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ആരാധകർക്കു മുന്നിൽ എത്താറുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുന്ന നവ്യ നായരുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലറ്റിൽ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നൽകിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വീഡിയോ. തനിക്ക് രണ്ടു മക്കൾ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാൽ അവർ എന്തു വിചാരിക്കുമെന്നും താരം വേദിയിൽ പറഞ്ഞു.
“എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലെ മനസിലാക്കുക. എനിക്ക് ഒരു മകനേ ഉള്ളു. ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയിൽ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ.
ഞാൻ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതിൽ എഴുതിയിട്ടുണ്ട്. അതുവേണങ്കിൽ ഞാൻ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല,” നവ്യ നായർ പറഞ്ഞു.