ഞങ്ങള്‍ക്ക് സംരക്ഷണമില്ല: ജവാന്റെ കുടുംബത്തിനു നേരെ മുഖം തിരിച്ച് പോലീസ്

പരാതിക്കാര്‍ തെളിവു കൊടുത്താല്‍ അക്രമികള്‍ക്കെതിരേ കേസെടുക്കാമെന്ന് പോലീസ്

അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിക്കുന്ന സി.ആര്‍.പി.എഫ് ജവാന്റെ കുടുംബത്തിന് നാട്ടില്‍ പോലീസിന്റെ സുരക്ഷയില്ല. കുടുംബത്തെ ആക്രമിക്കാനെത്തിയ സംഘത്തിനെതിരേ പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പരാതിയിന്‍മേല്‍ അടയിരിക്കുന്നു. മലയിന്‍കീഴ് പോലീസാണ് പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ തെളിവിനായി കാത്തിരിക്കുന്നത്. തിരുവനന്തപുരം തിരുമല മങ്കാട്ടുകടവ് പെട്രോള്‍ പമ്പിനു സമീപം ശിവജി നഗറില്‍ താമസിക്കുന്ന ബിന്ദു ആര്‍. നായര്‍ക്കും രണ്ടു പെണ്‍മക്കള്‍ക്കും വയസ്സായ അമ്മയ്ക്കുമാണ് പേടിച്ചു ജീവിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.

അക്രമികള്‍ സഹോദരന്റെ ഭാര്യയുടെ ബന്ധുക്കളാണ്. കഴിഞ്ഞ 6ന് ബിന്ദുവിന്റെ സഹോദരന്‍ ജയശങ്കറിന്റെ ഭാര്യ ഷീജ ആത്മഹത്യ ചെയ്തിരുന്നു. ആതമഹത്യാ പ്രേരണ കുറ്റം ചുമത്തി ജയശങ്കരിനെ റിമാന്റു ചെയ്തിരിക്കുകയാണ്. സഹോദരന്റെ ഭാര്യയുടെ മരണത്തിനു ശേഷം ബിന്ദുവിനെതിരേ ഷീജയുടെ സഹോദരന്‍ ശ്രീജിത്തും, മകന്‍ ആഞ്ജനേയനും നിരന്തരം അതിക്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ അച്ഛനെ വീടിനു മുമ്പിലിട്ട് രാത്രി മര്‍ദ്ദിച്ചതാണ് അവസാന സംഭവം.

മര്‍ദ്ദിച്ചത് ചോദിക്കാനെത്തിയ ബിന്ദുവിനെയും ഇളയ മകളെയും ശ്രീജിത്തും ആഞ്ജനേയനും ആക്രമിക്കുകയും ചെയ്തു. മകളുടെ വസ്ത്രത്തില്‍ കടന്നു പിടിക്കുകയും, മുഖത്ത് അടിക്കുകയും ചെയ്തു. പതിനേഴു വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചിരുന്ന ബിന്ദുവും കുടുംബവും കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലേക്ക് മടങ്ങി വന്നത്. മൂത്ത മകളുടെ പ്രസവത്തെ തുടര്‍ന്നായിരുന്നു നാട്ടിലേക്കുള്ള മടക്കം. സഹോദരന്‍ ജയശങ്കറും കുടംബവും ബിന്ദുവിന്റെ വീടിനടുത്തു തന്നെയാണ് താമസിക്കുന്നത്. എല്ലാ ദിവസവും ജയശങ്കറും ഭാര്യ ഷീജയും തമ്മില്‍ വാക്കേറ്റവും വഴക്കും ഉണ്ടാകാറുണ്ട്.

അങ്ങനെ വഴക്കിട്ടാണ് ഷീജ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. എന്നാല്‍, സഹോദരിയുടെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവ് ജയശങ്കറും ബിന്ദുവുമാണെന്നാരോപിച്ചാണ് ശ്രീജിത്ത് പീഡനം നടത്തുന്നത്. പീഡനം നിരന്തരമായി മാറിയതോടെ ബിന്ദു വനിതാ കമ്മിഷനും മലയിന്‍കീഴ് പോലീസിനും പാതി നല്‍കി. എന്നാല്‍ പരാതിയില്‍ കേസെടുക്കണമെങ്കില്‍ തെളിവു വേണമെന്നാണ് പോലീസ് പറയുന്നത്. ഇരുട്ടിന്റെ മറവില്‍ വീടിനു മുമ്പില്‍ വന്ന് സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തുന്നവരുടെ എന്തു തെളിവാണ് കൊടുക്കേണ്ടത് എന്നാണ് ആ അമ്മയും മക്കളും ആലോചിക്കുന്നത്.

നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ, സുരക്ഷ നല്‍കാത്ത സംവിധാനങ്ങള്‍. ഇതെല്ലാം നാട്ടിലെ ജീവിതം മടുപ്പിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. തിരികെ ബംഗളൂരുവിലേക്കു പോയാലോ എന്നാണ് ഈ കുടുംബ ചിന്തിക്കുന്നത്. കുടുംബക്കാരുടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി ആരോട പരാതി പറയുമെന്നാണ് ഇവരുടെ ആശങ്ക. നേരം ഇരുട്ടിയാല്‍ പിന്നെ, ഗുണ്ടാ സംഘങ്ങളുടെ ആക്രമണം ഉണ്ടാകുമോ എന്നും ബന്ദു ഭയക്കുന്നു. പെണ്‍മക്കളുടെ സുരകഷയും ചോദ്യചിഹ്നമായിരിക്കുകയാണ്. അതിര്‍ത്തിയില്‍ സ്വന്തം രാജ്യം കണ്ണിലെ കൃഷ്ണ മണിപോലെ സൂക്ഷിക്കുന്ന ജവാന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും സുരക്ഷ നല്‍കാന്‍ കഴിയാത്ത പോലീസിന്റെ നിസംഗത വലിയ പ്രശ്‌നമാണ്.

Latest News