കോഴിക്കോട് കണ്ണാടിക്കലിൽ ദലിത് യുവതിയെ അയൽവാസികൾ ക്രൂരമായ മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
യുവതിയുടെ അമ്മ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചതു ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് യുവതിക്ക് മർദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും യുവതിയ്ക്ക് പരുക്കേറ്റിരുന്നു. സിടി സ്കാൻ എടുക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ കഴിഞ്ഞില്ല.
ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ് ഇതു വരെ തയാറായില്ലെന്നാണ് പരാതി. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് അറിയിച്ചു. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.