തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരവേലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടി അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ജയരാജനെ ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല, അതിന് ചർച്ചയും നടത്തിയിട്ടില്ല. കോൺഗ്രസ് നേതാക്കൾ പോകുന്നു എന്ന് പറയുന്നത് ശരിയായ കാര്യമാണ്. ഇന്നും പോയിട്ടുണ്ട്. രാഷ്ട്രീയമായ കാര്യങ്ങൾ അല്ലാത്തത് പാർട്ടിയിൽ അറിയിക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇ.പി ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ നിഷ്കളങ്കമായി പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വലിയ പ്രചാരവേലയാണ് നടക്കുന്നത്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതേണ്ട. ഇ.പിയുടെ തുറന്നുപറച്ചിൽ തെരഞ്ഞെടുപ്പിൽ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞാൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതിയെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടുവെന്ന പ്രസ്താവനയോട് പ്രതികരിക്കാൻ എം.വി ഗോവിന്ദൻ തയ്യാറായില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആവശ്യപ്പെട്ട ശേഷം താനും ജാവഡേക്കറെ കണ്ടിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ഉൾപ്പെടെ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ദേശീയതലത്തിൽ സംഘ്പരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന് സമാനമായ രീതിയിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ് ശ്രമിക്കുകയായിരുന്നു. ഇത് തുറന്നുകാണിക്കാനുള്ള നീക്കം തുടർന്നുള്ള ദിവസങ്ങളിൽ നടത്തേണ്ടിവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.