തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും (30/4/2024 ) മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു.
ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും.
വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.
ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 12 മുതൽ മൂന്നു മണിവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കരുതെന്നാണ് നിർദേശം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത് പരിശോധിക്കാൻ സംസ്ഥാനവ്യാപകമായി പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ലേബർ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. റോഡ് നിർമാണത്തിലും കൺസ്ട്രക്ഷൻ മേഖലയിലും ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.