ജിദ്ദ ∙ സൗദിയിലെ ട്രെയിൻ യാത്രക്കാർ പാലിക്കേണ്ട നിയമങ്ങളുടെ പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു. യാത്രയ്ക്കിടെ ജനലുകൾക്കിടയിലൂടെയോ വാതിലുകൾക്കിടയിലൂടെയോ കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തെങ്കിലും പുറത്തേക്ക് ഇടുന്നത് നിയമലംഘനമാണ്. ആദ്യതവണ 300 റിയാൽ പിഴയും രണ്ടാം തവണയും മൂന്നാം തവണയും പിടിക്കപ്പെടുന്നവർക്ക് 600 റിയാലും 900 റിയാലുമായി പിഴത്തുക വർധിക്കും. ഒരു വർഷത്തിനിടെ ഇതേ കുറ്റം മൂന്നിലധികം തവണ ചെയ്യുന്നവർ 20,000 റിയാൽ പിഴയും രണ്ടു മാസത്തെ യാത്രാ വിലക്കും നേരിടേണ്ടി വരും.
ട്രെയിനുകളിലും നിരോധിത സ്ഥലങ്ങളിലും പുകവലിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. പുകവലിക്കുന്നത് കണ്ടെത്തിയാൽ 200 റിയാൽ പിഴയാണ് ശിക്ഷ. ഒരു വർഷത്തിനിടെ മൂന്നിലധികം തവണ പുകവലി നടത്തി പിടികൂടുന്നവർക്ക് ട്രെയിൻ സർവീസിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ട്രെയിനിൽ ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിരിക്കുന്നു. ആദ്യമായി ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴയും രണ്ടാം തവണ 300 റിയാലും മൂന്നാം തവണ 400 റിയാലും പിഴയായി നൽകേണ്ടി വരും. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഭക്ഷണം കഴിച്ച് പിടികൂടപ്പെടുന്നവരെ ഒരു മാസത്തേക്ക് ട്രെയിൻ യാത്രയിൽ നിന്ന് വിലക്കുകയും ചെയ്യും.
ട്രെയിൻ സീറ്റുകളിൽ ബാഗുകളും മറ്റു സാധനങ്ങളും വെച്ച് ഇരിപ്പിടം കയ്യേറുന്നതും പ്രവേശന കവാടങ്ങൾക്കും ഇടനാഴികൾക്കും സമീപം തിരക്ക് സൃഷ്ടിക്കുന്നതും നിയമലംഘനമാണ്. ആദ്യമായി പിടികൂടുന്നവർക്ക് 100 റിയാൽ പിഴയാണ്. രണ്ടാം തവണയും മൂന്നാം തവണയും തെറ്റ് ആവർത്തിച്ചാൽ പിഴ 200 റിയാലും 400 റിയാലുമായി വർധിക്കും. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെ ട്രെയിൻ യാത്രയിൽ നിന്ന് ഒരു മാസത്തേക്ക് വിലക്കും.
ടിക്കറ്റുകളുടെ കാര്യത്തിലും കർശന നിരീക്ഷണമുണ്ട്. കാലാവധിയുള്ള ടിക്കറ്റോ യാത്രയ്ക്കുള്ള തിരിച്ചറിയൽ രേഖകളോ ഇല്ലാത്തവർക്കും ടിക്കറ്റ് ഇളവ് ലഭിക്കാനുള്ള അർഹത തെളിയിക്കുന്ന രേഖകൾ ഇല്ലാത്തവർക്കും പിഴയുണ്ട്. ആദ്യ തവണ 200 റിയാലും രണ്ടാമത്തേതിന് 400 റിയാലും മൂന്നാമത്തേതിന് 800 റിയാലുമാണ് പിഴ. ഒരു വർഷത്തിനിടെ ഇതേ കുറ്റം മൂന്നിലധികം തവണ ചെയ്യുന്നവരെ ട്രെയിൻ സർവീസിൽ നിന്ന് മൂന്ന് മാസത്തേക്ക് വിലക്കും. റെയിൽവേ സ്റ്റേഷനകളിലും ട്രെയിനുകളിലും സൈക്കിൾ ഉപയോഗിക്കുന്നതും, നമസ്കാര സ്ഥലങ്ങളിലും ഉറക്കം നിരോധിച്ച സ്ഥലങ്ങളിലും കിടന്നുറങ്ങുന്നതും നിയമലംഘനമാണ്. ആദ്യ തവണ 200 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ എന്നിങ്ങനെയാണ് പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെ ഒരു മാസത്തേക്ക് ട്രെയിൻ സർവീസിൽ നിന്നും വിലക്കും.
ട്രെയിനിൽ കയറാനോ ഇറങ്ങാനോ ഭിത്തികളിലും വേലികളിലും മറ്റും പിടിച്ചു കയറുന്നതും ചാടിക്കടക്കുന്നതും, യാത്രക്കാരെയും ജീവനക്കാരെയും ശല്യം ചെയ്യുന്നതും നിയമലംഘനമാണ്. ഇതിനും പിഴയുണ്ട്. ആദ്യ തവണ 200 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ എന്നിങ്ങനെയാണ് പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെയും ഒരു മാസത്തേക്ക് ട്രെയിൻ സർവീസിൽ നിന്നും വിലക്കും. ഏറ്റവും പ്രധാനം, ട്രെയിൻ നിന്നു പുറപ്പെട്ടു കഴിഞ്ഞാല്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മറ്റെവിടെയും കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് നിരോധിച്ചത്. ഇത് ചെയ്യുന്നവർ ആദ്യ തവണ 500 റിയാൽ, രണ്ടാമത്തേതിന് 1,000 റിയാൽ, മൂന്നാമത്തേതിന് 1,500 റിയാൽ എന്നിങ്ങനെയാണ് പിഴ.
നിശ്ചയിച്ച സ്ഥലം ഒഴികെ മറ്റെവിടെയും കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിന് ആദ്യ തവണ 300 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ പിടിക്കപ്പെട്ടാൽ ട്രെയിൻ സർവീസിൽ നിന്ന് രണ്ട് മാസത്തേക്ക് വിലക്ക്. വാണിങ്, അടിയന്തര സംവിധാനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുകയോ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിന് ആദ്യ തവണ 400 റിയാൽ, രണ്ടാമത്തേതിന് 700 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ പിടിക്കപ്പെട്ടാൽ ട്രെയിൻ സർവീസിൽ നിന്ന് ആറ് മാസത്തേക്ക് വിലക്ക് എന്നിവ നേരിടും.
ട്രെയിൻ യാത്രയിൽ ഹോൾഡറിൽ വയ്ക്കാൻ കഴിയാത്ത ലഗേജ് കരുതുന്നതും ലഗേജായി വലിയ സാധനങ്ങളോ, സ്വയം വഹിക്കാൻ പ്രയാസമുള്ളവയോ, ട്രെയിനിനോ സ്റ്റേഷനോ കേടുവരുത്തുന്നവയോ കൊണ്ടുവരുന്നത് നിയമലംഘനമാണ്. ഇതിനെതിരെ 200 റിയാല്‍ മുതൽ 800 റിയാല്‍ വരെ പിഴ ചുമത്തും. നഗരങ്ങൾക്കുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനിൽ കയറുമ്പോൾ യാത്രക്കാർ സാധുവായ തിരിച്ചറിയൽ രേഖ കാണിക്കണം. ഇത് കാണിക്കാൻ വിസമ്മതിച്ചാൽ ആദ്യ തവണ ട്രെയിൻ യാത്ര വിലക്കും. ഒരു വർഷത്തിനുള്ളിൽ മൂന്നിലധികം തവണ ഇത് ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ട്രെയിൻ യാത്ര വിലക്കും. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ട്രെയിനിൽ തിരിച്ചറിയൽ രേഖ കാണിക്കാൻ വിസമ്മതിച്ചാൽ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് പൊലീസിന് കൈമാറുകയുമാണ് ചെയ്യുക.