രണ്ടാം പാദത്തിലും എഫ് സി ഗോവയ്‌ക്ക് പരാജയം; മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനലിൽ

മുംബൈ: ഐഎസ്എല്‍ സെമി ഫൈനല്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം പാദ മത്സരത്തിലും എഫ്‌സി ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍. സ്വന്തം മൈതാനത്തു നടന്ന രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യപാദ മത്സരത്തില്‍ നേടിയ 3-2ന്റെ ജയമടക്കം ഇരുപാദങ്ങളിലുമായി 5-2ന് ഗോവയെ തകര്‍ത്തെറിഞ്ഞാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം.

മുംബൈക്കായി പെരാരിയ ഡയസ്(69), ലലിൻസുവാല ചാങ്‌തെ (83) എന്നിവരാണ് വലകുലുക്കിയത്.

ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരഞ്ഞു. നിരവധി അവസരങ്ങളാണ് മുംബൈക്ക് ലഭിച്ചത്. പത്താം മിനിറ്റിൽ ലലിൻസുവാല ചാങ്‌തെയുടെ മികച്ചൊരു ഷോട്ട് ഗോൾകീപ്പർ തട്ടികയറ്റി. 69ാം മിനിറ്റിൽ മുംബൈ സിറ്റി എഫ്.സി ലീഡ് സ്വന്തമാക്കി. വാൻനീഫിന്റെ കോർണർ കിക്ക് രാഹുൽ ബേകെ പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്തു. പന്ത് തട്ടികയറ്റുന്നതിൽ ഗോൾകീപ്പർക്ക് പിഴച്ചു. റീബൗണ്ട് പിടിച്ചെടുത്ത് പെരേര ഡയസ് വലകുലുക്കി.

83-ാം മിനിറ്റിൽ ചാങ്‌തേയിലൂടെ ലീഡ് ഇരട്ടിയാക്കി. വിക്രം പ്രതാപ് സിങിന്റെ ക്രോസ് ചാങ്‌തെ കൃത്യമായി ഫിനിഷ് ചെയ്തു. നേരത്തെ ഗോവയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ 3-2 ജയം സ്വന്തമാക്കിയിരുന്നു.

മെയ് നാലിന് കൊൽക്കത്തയിലാണ് കലാശകളി. കഴിഞ്ഞ ദിവസം ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയ മോഹന്‍ ബഗാന്‍ ആകും ഫൈനലില്‍ മുംബൈ സിറ്റിയുടെ എതിരാളികള്‍.