തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ട് സിഎംഡി. യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി.
മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് യദു പറയുന്നത്.
എന്നാല്‍ ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.