ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പതിന്നാലുകാരിയ്ക്ക് ഗർഭച്ഛിദ്രത്തിന് നൽകിയ അനുമതി സുപ്രീംകോടതി പിൻവലിച്ചു. ഗർഭച്ഛിദ്രവുമായി മുന്നോട്ട് പോകുന്നത് മകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവ് പിൻവലിച്ചത്.
പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ച് 30 ആഴ്ച പ്രായമായ ഗർഭധാരണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അസാധാരണമായ കേസായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് ഏപ്രിൽ 22 ന് ഗർഭഛിദ്രാനുമതി നൽകിയത്. പെൺകുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റ്സ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചതിന് ശേഷമായിരുന്നു കോടതി നടപടി. പെൺകുട്ടിക്കാണ് പ്രഥമപരിഗണന നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകാറില്ല. സിയോൺ ആശുപത്രി ഗർഭഛിദ്രത്തെ അനുകൂലിച്ചതോടെയാണ് ആർട്ടിക്കിൾ 142 പ്രകാരം കോടതി അനുമതി നൽകിയത്. അവസാന നിമിഷം വരെ പെൺകുട്ടിക്ക് ഗർഭത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതിയോടെ 20 ആഴ്ച വരെയുള്ള ഗർഭവും ചില സന്ദർഭങ്ങളിൽ 24 ആഴ്ച വരെയുള്ളവയും ഇല്ലാതാക്കാം. അതിന് മുകളിലുള്ള കേസുകളിൽ കോടതിയെ സമീപിക്കണം.