തമിഴ്നാട്: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും. വേനലവധിക്കാലത്തെ വർധിച്ച തിരക്ക് കാരണമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി.
വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് കോടതി നടപടി. ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഇ-പാസ് സംവിധാനം ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുമെന്നും ഇത് അവലോകനം ചെയ്ത് ഭാവിയിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും ഹൈകോടതി ഉത്തരവിൽ പറഞ്ഞു. ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കൂട്ടമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാർബൺ ബഹിർഗമനം തടയാനും ഇത് സഹായിക്കും.
ദിണ്ടിഗൽ, നീലഗിരി ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിനുശേഷം മേഖലയിലേക്ക് എത്താവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. പിന്നീട് ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാരികളെ അനുവദിക്കുക. ജൂലൈ 5ന് കോടതി വീണ്ടും ഹർജി പരിഗണിക്കും
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച് വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍, വാഹനങ്ങളുടെ വരവ് പ്രതിദിനം 2,000 ല്‍ നിന്ന് 20,000 ആയി ഉയരുന്നു, ഇത് തിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.