ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ നാളെ പക്ഷികളെ കൊന്ന് സംസ്കരിക്കാന്‍ (കള്ളിങ്) ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വാ ഗ്രാപഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസല്‍, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും.
കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്റൈനില്‍ ഇരുത്താനും തീരുമാനിച്ചു. എടത്വയില്‍ പതിനൊന്നും തകഴിയില്‍ നാലും അമ്ബലപ്പുഴയില്‍ മുന്നും ആര്‍ആര്‍ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. കൊല്ലത്ത് നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്.
ആര്‍ആര്‍ടി സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പിപിഇ കിറ്റുകളും മാസ്കുകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പ്രഭവ കേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും ഉറപ്പ് വരുത്തും.