മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി ദല്ലാൾ ടി.ജി. നന്ദകുമാർ രംഗത്ത്. 2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള യാത്ര നടത്തുമ്പോൾ ലാവ്ലിൻ കേസ് വീണ്ടും വിഴുങ്ങാൻ വന്നപ്പോൾ അദ്ദേഹം എന്റെ സഹായം തേടി എന്നാണ് നാന്ദകുമാറിന്റെ വെളിപ്പെടുത്തൽ. 2013-ൽ ലാവ്ലിൻ കേസ് ഡിസ്ചാർജ് ചെയ്തതിനു മേൽ ഹൈക്കോടതിയിൽ അപ്പീൽ വന്നു. 2016-ൽ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ കേൾക്കാൻ തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് ഹിയറിങ് പോസ്റ്റ് ചെയ്തു. അന്ന് അപ്പീൽ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിൽ വന്നപ്പോൾ, ജസ്റ്റിസ് ഉബൈദ് അത് കേട്ടാൽ അപകടകരമാകുമെന്നും അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫലി പ്ലാൻ ചെയ്ത ചില സർക്കാർ പെറ്റീഷനാണ് ഇട്ടേക്കുന്നത് എന്ന് മനസിലാക്കി, ആ കേസ് ആ ബെഞ്ചിൽ നിന്ന് ഒഴിവാക്കാൻ കെ.വി. സോഹൻ എന്ന വക്കീലിനെയാണ് പിണറായി വിജയൻ കണ്ടെത്തിയത്. എന്നാൽ, കെ.വി. സോഹന്റെ വക്കാലത്തിൽ ഒഴിവാക്കപ്പെട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാറ്റിക്കൊടുത്തു.
ആ സോഹനെ ഒന്നാം എൽ.ഡി.എഫ്. സർക്കാർ അറ്റോർണിയാക്കി. രണ്ടാം എൽ.ഡി.എഫ്. സർക്കാർ വന്നപ്പോൾ സോഹനെ പറഞ്ഞുവിട്ടു. കാരണം പിണറായി വിജയന്റെ ആവശ്യം കഴിഞ്ഞു. കെ.വി. സോഹനിലേക്ക് എങ്ങനെ കടന്നുകയറാം എന്ന അന്വേഷണത്തിലാണ് എന്നിലേക്ക് എത്തിയത്.
എം.കെ. ദാമോദരൻ എന്ന മഹാനായ അഭിഭാഷകൻ പിണറായി വിജയന് ഉണ്ടായിട്ടും ഞങ്ങളുടെ കോമൺ സുഹൃത്തായ, മരിച്ചു പോയ സ്കറിയാ തോമസിന്റെ ഫോണിൽ നിന്ന് എന്നോട് വിളിച്ച് സംസാരിച്ച് ഞങ്ങൾ സൗഹാർദ്ദത്തിലെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി മുഖ്യമന്ത്രിയായി. ഞാൻ പിന്നീട് ആ വഴിക്ക് പോയിട്ടില്ല. അദ്ദേഹം പറഞ്ഞല്ലോ, ശിവന്റെ കൂടെ പാപി ചേർന്നാൽ ശിവനും പാപിയാകും എന്ന്. ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. എന്നെ അറിയുമെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു, ഏത് അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.