പോലീസുകാരനെയും കുടുംബത്തെയും വീടുകയറി ഒരുസംഘം ആക്രമിച്ചു. സംഭവത്തിൽ 12 പേർക്കെതിരെ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു. റോഡിലുണ്ടായ വാക്കുതർക്കത്തെത്തുടർനന്നായിരുന്നു സംഭവം. എ.ആർ. ക്യാമ്പിലെ പോലീസുകാരനായ നെട്ടയം മലമുകൾ രാജീരംഗിൽ മിഥുൻ, സഹോദരൻ അമൽറോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്.
മിഥുൻ ഓടിച്ചിരുന്ന കാർ നെട്ടയത്ത് വെച്ച് അജി എന്നയാളെ ഇടിക്കാൻ ശ്രമിച്ചതായും ഇവർ തമ്മിൽ സ്ഥലത്ത് തർക്കമുണ്ടായതായും നാട്ടുകാർ പറയുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈ സംഭവം. തുടർന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടിൽ അക്രമം നടത്തി.
കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മിഥുൻ, സഹോദരൻ അമൽ, മാതാവ് രാജി എന്നിവർക്ക് സാരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച മോനിഷയ്ക്കും പരിക്കേറ്റു. അക്രമികൾ വീട്ടുസാധനങ്ങൾ തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് തകർക്കാൻ ശ്രമം നടത്തിയതായും പറയുന്നു. നാട്ടുകാർ എത്തിയതോടെ അക്രമിസംഘം പിന്മാറുകയായിരുന്നു
പരിക്കേറ്റവരെ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജി എന്ന സുരേഷ് കുമാർ, സുധി എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയുമാണ് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തത്.