ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി. തിരുവനന്തപുരം വിളപ്പിൽശാലയിൽ കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണമെന്നാണ് വിവരം. രാവിലെ ആറ് മണിയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ജിസ്മി ജേക്കബിന്റെ പിതാവ് രാവിലെ വീട്ടിൽ എത്തിയപ്പോൾ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ അലമാര വലിച്ചിട്ട നിലയിലായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 42 പവനാണ് നഷ്ടപ്പെട്ടത്. വിളപ്പിൽശാല പോലീസും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി. അതേസമയം, മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ വൻ കവർച്ച നടത്തി. ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയത്. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ കടന്നു
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.