കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപം ആയിരുന്നു അപകടം. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
അതേസമയം, പെരുമ്പാവൂരിൽ കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലിൽതുണ്ടിയിൽ തോമസിന്റെ മകൾ ജോമോൾ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
ആലാട്ടുചിറ ഏമ്പക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. ഏമ്പക്കോട് നെടുമ്പിള്ളിൽ (സിദ്ധാർഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകൾ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോൾ. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉൾപ്പെടെ അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയിൽ നിന്ന ജോമോൾ കാൽവഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നു.