നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മയ് മഹിയു മേഖലയിൽ കനത്ത മഴയിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടു തകർന്നു കുത്തിയൊലിച്ച വെള്ളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന.
രാജ്യത്ത് ആഴ്ചകളായി തുടരുന്ന പെരുമഴയിൽ ഇതിനകം നൂറിലേറെപ്പേർ മരിച്ചു. 1.85 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. റോഡുകളും പാലങ്ങളും മുങ്ങി. നയ്റോബി വിമാനത്താവളത്തിലേക്കുള്ള റോഡിലും വെള്ളം പൊങ്ങി. അയൽരാജ്യങ്ങളായ ടാൻസനിയ, ബുറുണ്ടി അടക്കം കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം തോരാത്ത മഴ തുടരുന്നു. ബുറുണ്ടിയിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.