യാത്രക്കാരെ പെരുവഴിയിലാക്കി മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തന്നിൽ നടുറോഡിൽ തർക്കിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബൽറാമിന്റെ വിമർശനം.
സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ ഇങ്ങനെ മനപൂർവം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിൽ എന്നാണ് ബൽറാം ചോദിച്ചത്.ബസ് തടഞ്ഞിട്ടില്ലെന്നും വാഹനം കുറുകെ ഇട്ടിട്ടില്ല എന്നുമാണ് മേയർ പറഞ്ഞിരുന്നത്. എന്നാൽ ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽവച്ചാണ് ബസ് തടഞ്ഞത്.
സീബ്ര ലൈനിലാണ് കാർ നിറുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ആരോപണവിധേയനായ യദുവിനെ ജോലിയിൽ നിന്നു മാറ്റിനിറുത്തിയിരിക്കുകയാണ്. സ്ഥിര ജീവനക്കാരുടെ ഒഴിവിൽ ജോലിചെയ്യുന്ന ബദൽ വിഭാഗത്തിലെ ഡ്രൈവർ ആയതിനാൽ ഒഴിവാക്കുന്നതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടില്ല. അതേസമയം, ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്. മേയറെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സംഭവത്തിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാർ ഇടപെട്ട് അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് കൈമാറി. എന്നാൽ, സി.പി.എം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം.