മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്

ഇംഫാൽ: മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്. സംഘർഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിംഗ് നടത്തിയിരുന്നു. റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തിൽ ആറ് ബൂത്തുകളിലും കനത്ത സുരക്ഷ ഒരുക്കി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയിലും (വിവിപാറ്റ്) കൃത്രിമം നടന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 58(2), 58A(2) വകുപ്പുകൾ പ്രകാരം 2024 ഏപ്രിൽ 26-ന് ലിസ്റ്റുചെയ്ത 6 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്താനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്.

മണിപ്പൂരിൽ വോട്ടെടുപ്പ് ദിവസം വോട്ടിംഗ് പൂർത്തിയാകുന്നതിന് മുമ്പ് പല സ്റ്റേഷനുകളിലും ഇവി എമ്മുകൾക്കും വിവിപാറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. സ്‌റ്റേഷനിൽ ഇവിഎം തകരാറുകൾ അനുഭവപ്പെട്ടപ്പോൾ, മറ്റൊരു സ്‌റ്റേഷനിൽ അജ്ഞാതരുടെ ഭീഷണി കാരണം ആവർത്തിച്ചുള്ള തടസ്സങ്ങളാണ് നേരിട്ടത്. അതോടെ ഈ സ്റ്റേഷനുകളിൽ നിന്നുള്ള വോട്ടിംഗ് രേഖകൾ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.

മേഖലയിൽ വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവിലെ അന്തരീക്ഷം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഈ പ്രശ്‌നബാധിത പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പിലൂടെ സമഗ്രത പുനഃസ്ഥാപിക്കാനും വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും റീപോളിംഗിലൂടെ ലക്ഷ്യമിടുന്നു.