തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കളുടെ കൊടുംക്രൂരതയ്ക്ക് ഇരയായി പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥ് മരണപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്.
ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കീഴ്‌കോടതി തള്ളിയിരുന്നു. തുടർന്നാണ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ കൂടിയായിരുന്ന പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസമായി ജയിലിൽ തന്നെയാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂരമായ ആൾക്കൂട്ട മർദ്ദനങ്ങൾക്ക് സിദ്ധാർത്ഥ് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിൽ മുഖ്യപ്രതികളായ 7 പേരെ പിന്നീട് പൊലീസ് വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.