മട്ടന്‍ പ്രേമികൾക്ക് വേണ്ടി ഒരടിപൊളി റെസിപ്പി നോക്കിയാലോ? മട്ടന്‍ മസാല തനി നാടന്‍ രീതിയില്‍ വളരെപ്പെട്ടെന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
- മട്ടന്‍ – അരക്കിലോ
- ഉരുളക്കിഴങ്ങ് – 2
- സവാള – 2
- ചെറിയ ഉള്ളി – 4
- പച്ചമുളക് – 4
- ഇഞ്ചി-ചെറിയ കഷ്ണം (നീളത്തില്‍ അരിഞ്ഞത്)
- വെളുത്തുള്ളി-8 അല്ലി (ചതച്ചത്)
- മുഴുവന്‍ മല്ലി-3 സ്പൂണ്‍
- ചുവന്ന മുളക് -3
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
തയ്യറാക്കുന്ന വിധം
മട്ടന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അര ണിക്കൂര്‍ വയ്ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് സാമാന്യം വലിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. പിന്നീട് ഇത് പാകത്തിന് വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറിലോ മറ്റേതെങ്കിലും പാത്രത്തിലോ വച്ച് ഒരുവിധം വേവിച്ചെടുക്കുക. മുഴുവന്‍ മല്ലി, ചുവന്ന മുളക് എന്നിവ എണ്ണ ചേര്‍ക്കാതെ നല്ലപോലെ വറുക്കണം. ഇത് മിക്‌സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലയിട്ട് നല്ലപോലെ ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക. മസാല ഇറച്ചിയില്‍പിടിച്ച് കറി കുറുകിക്കഴിഞ്ഞാല്‍ അല്‍പം കറിവേപ്പില കൂടി ചേര്‍ത്തിളക്കി വാങ്ങാം. ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം കഴിയ്ക്കാം.
മസാലക്കൊപ്പം വേണമെങ്കില്‍ അല്‍പം മീറ്റ് മസാല ചേര്‍ക്കാം. എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് പച്ചമുളകോ ചുവന്ന മുളകോ കൂടുതല്‍ ചേര്‍ക്കുകയുമാവാം. ഉരുളക്കിഴങ്ങ് വേണ്ടെങ്കില്‍ ഒഴിവാക്കാം