പാലക്കാട്: വടക്കാഞ്ചേരിയിൽ ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സിജു തോമസാണ് മരിച്ചത്. പൊലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പുതുക്കോട് നേർച്ചയ്ക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അതേസമയം പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. പാലക്കാടും തൃശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു.
പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാടും തൃശൂരും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.