പാലക്കാട്: ഉഷ്‌ണതരംഗം നിസ്സാരമല്ലെന്നും ഗൗരവമായിത്തന്നെ കാണണമെന്നും പാലക്കാട് ഡിഎംഒ ഡോ.കെ ആര്‍ വിദ്യ. പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യഘാതമേല്‍ക്കാനുളള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും ബൈക്ക് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും ഡിഎംഒ പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ ഇതുവരെ 222 കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട് ഉയര്‍ന്ന താപനില 41ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് 39ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 37 വരെയും, തിരുവനന്തപുരത്ത് ഉയര്‍ന്ന താപനില 36 വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്ലാണ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.