കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഐസ്‌ക്രീം. വേനലില്‍ കളിച്ചു തളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി ചോക്കലേറ്റ് ഐസ്‌ക്രീം തയ്യറാക്കികൊടുക്കാം.
ആവശ്യമായ ചേരുവകൾ
- പാല്‍- അര ലിറ്റര്‍
- മുട്ടമഞ്ഞ-5
- പഞ്ചസാര-50 ഗ്രാം
- കൊക്കോ പൗഡര്‍-3 സ്പൂണ്‍
- ചോക്കലേറ്റ്-അര കപ്പ് (പൊടിയാക്കിയത്)
- കട്ടിയുള്ള മില്‍ക് ക്രീം-250 ഗ്രാം
തയ്യാറാക്കുന്ന വിധം
മുട്ട മഞ്ഞയുടെ കൂടെ പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കുക. നല്ല മയത്തിലുള്ള മിശ്രിതമാകുന്നതു വരെ ഇളക്കണം. പാല്‍ ഒരു പാത്രത്തില്‍ വച്ച് ചൂടാക്കുക. തിളക്കാതെ നോക്കണം. പിന്നീട് ഈ പാല്‍ വാങ്ങി ചൂടോടെ തന്നെ മുട്ട മിശ്രിതത്തിലേക്ക് ഒഴിക്കുക. ഇത് നല്ലപോലെ ഇളക്കി വീണ്ടും അടുപ്പില്‍ വച്ച് ഇളക്കിക്കൊണ്ടിരിക്കുക. തിളയ്ക്കാതെ ശ്രദ്ധിക്കണം. കുറച്ചു സമയം കഴിയുമ്പോള്‍ മിശ്രിതം അല്‍പം കട്ടിയാവും. അപ്പോള്‍ വാങ്ങി വയ്ക്കണം.
ഇതിലേക്ക് കൊക്കോ പൗഡര്‍ ചേര്‍ത്ത് കട്ടിപിടിക്കാതെ നല്ലപോലെ ഇളക്കുക. ഇത് ചൂടാറാന്‍ വയ്ക്കണം. പിന്നീട് ഇതിലേക്ക് പൊടിയായി ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചോക്കലേറ്റ് ചേര്‍ക്കണം. ഇത് ഒരു ബൗളിലേക്കു മാറ്റി റഫ്രിജറേറ്ററില്‍ വച്ച് തണുപ്പിക്കണം. ഫ്രീസ് ചെയ്യരുത്.
കട്ടിയുള്ള ക്രീം മിക്‌സിയില്‍ അടിച്ച് ഇത് റഫ്രിജറേറ്ററില്‍ നിന്നു പുറത്തേക്കെടുത്ത മിശ്രിതത്തില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മിക്‌സിയില്‍ ഒന്നുകൂടി അടിച്ച് ഫ്രീസ് ചെയ്ത് ഉപയോഗിക്കാം. ഐസ്‌ക്രീം മിക്‌സറുണ്ടെങ്കില്‍ അതിലെ നിര്‍ദേശ പ്രകാരം മിശ്രിതം ഉപയോഗിക്കാം.
ചോക്കലേറ്റ് ഐസ്‌ക്രീമില്‍ ബദാം, പിസ്ത എന്നിവ പൊടിച്ചിട്ടാല്‍ സ്വാദ് കൂടും. ഇതുണ്ടാക്കുമ്പോള്‍ പാലും ഐസ്‌ക്രീം കൂട്ടും തിളയ്ക്കരുത്. കട്ടി പിടിക്കും.