ആർട്ട് വേൾഡിൽ പറന്നുനടന്ന് കുഞ്ഞ് ഇസു: മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും കുടുംബവും: വൈറലായി ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് കുഞ്ചാക്കോ ബോബനും കുടുംബവും. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചാക്കോച്ചൻ ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലെ താരം മകനായ ഇസഹാഖ് ആണ്. ഏപ്രിൽ ബേബിയാണ് ഇസഹാഖ്. കഴിഞ്ഞയാഴ്ചയായിരുന്നു കുഞ്ഞു ഇസഹാഖിന്റെ ജന്മദിനം. ഇസുവിന്റെ അഞ്ചാം പിറന്നാൾ ആഘോഷപൂർവ്വമാണ് ചാക്കോച്ചൻ കൊണ്ടാടിയത്. ഇസൂസ് ആർട്ട് വേൾഡ് തന്നെ ചാക്കോച്ചനും പ്രിയയും ചേർന്നൊരുക്കിയിരുന്നു.

ചാക്കോച്ചന്റെയും പ്രിയയുടെയും നിർദേശപ്രകാരം ക്രാഫ്റ്റേഴ്സ് ഇവന്റ്സ് ആണ് തീം പാർട്ടി ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആർട്ട് വേൾഡ് എന്ന കൺസെപ്റ്റിലാണ് ബർത്ത്ഡേ തീം ഒരുക്കിയത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.