കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP യിൽ പോകുമെന്ന് പറഞ്ഞുവെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
“ഇന്നലത്തെ കലാശകൊട്ടിന് ഇടയിലാണ് സുധാ ഗർർ പറയുന്നത് BJP യിൽ പോകുമെന്ന്.. ഇതിനുള്ള മറുപടി കണ്ണൂരിലെ വോട്ടർമാർ തരും” എന്ന തലകെട്ടോടെ ഫേസ്ബുക്കിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
എന്താണ് ഈ പോസ്റ്റിൽ പറയുന്നതിന്റെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന പോസ്റ്റിൽ കാണുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ യൂട്യൂബിൽ നിന്നും യഥാർത്ഥ വീഡിയോ കണ്ടെത്തി. ‘എന്റെ പട്ടി ബ്രൂണോ പോലും പോകില്ല ബിജെപിയിലേക്ക്’ എന്ന തലകെട്ടോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എൽഡിഎഫ് അവസാന സമയത്തും കെ എസിന്റെ വാക്ക് പിടിച്ചാണ് പ്രചാരണം നടത്തുന്നത് എന്ന ചോദ്യത്തിന് മറുപടിയായി കെ. സുധാകരൻ പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗം മാത്രം എഡിറ്റ് ചെയ്താണ് വൈറലായ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
1 മിനിറ്റ് 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ ആദ്യത്തെ 10 സെക്കന്റ് മുതലുള്ള 4 സെക്കന്റ് ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയുടെ പിന്നീടുള്ള ഭാഗത്ത് “എനിക്ക് പോകാൻ താൽപര്യമില്ലാത്തതുകൊണ്ടും അങ്ങനൊരു കാഴ്ച്ചപ്പാട് ഇല്ലാത്തതുകൊണ്ടുമാണ് ഈ പ്രതിസന്ധി മുഴുവൻ വന്നിട്ടും ഞാൻ കോൺഗ്രസുമായി പിടിച്ച് നിൽക്കുന്നത്, എനിക്ക് നല്ലൊരു പട്ടിയുണ്ട്, ബ്രൂണോ… അത് പോലും പോകില്ല ബിജെപിയിലേക്ക്” എന്നും കെ സുധാകരൻ വ്യക്തമാക്കുന്നുണ്ട്.
കെ. സുധാകരന്റെ അടുത്ത അനുയായിയാരുന്ന രഘുനാഥ് കണ്ണൂർ മണ്ഡലത്തിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു. സുധാകരന്റെ മുൻ പിഎ വി കെ മനോജും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിജെപിയിൽ ചേർന്നിരുന്നു. ഈ രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് ഇടതുപക്ഷം നടത്തുന്നത്.
പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം വി ജയരാജനും പ്രതികരണവുമായി രംഗത്തെത്തി. വളര്‍ത്തു നായക്ക് വിവേകമുള്ളതിനാൽ അത് ബിജെപിയില്‍ പോകില്ലെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുന്നതെന്ന് നായയ്ക്ക് അറിയാമെന്നുമാണ് എം വി ജയരാജൻ പറഞ്ഞത്.
ഇതോടെ ലഭ്യമായ വിവരങ്ങളിൽ നിന്നും കെ. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാണ്.