തിരുവനന്തപുരം: മേയ് 8 ന് എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വൈകീട്ട് മൂന്നുമണിക്ക് പ്രഖ്യാപനം നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും.
കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും.
സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി
ആകെ 4,41,120 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ മൊത്തം 77 ക്യാംപുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷനൽ ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്.