ഡിജിറ്റൽ ലോകത്ത് വിപ്ലവാത്മകമായ നേട്ടങ്ങളുണ്ടാക്കാൻ ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിന്റ് ഫോർ എ.ഐ. പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സാമ്പത്തിക ഉത്പാദനക്ഷമത വർധിപ്പിക്കാനാണ് 10,000 കോടി ദിർഹത്തിന്റെ പദ്ധതി അവതരിപ്പിച്ചത്.
ഡിജിറ്റൽ പരിവർത്തനത്തിൽനിന്ന് എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 10000 കോടി ദിർഹം ചേർക്കുന്നതിലൂടെ ദുബായ് സാമ്പത്തിക അജൻഡ ഡി 33 യുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് പുതിയ വാർഷിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ ചീഫ് എ.ഐ. (നിർമിത ബുദ്ധി) ഓഫീസർമാരെ നിയമിക്കുക, ദുബായിൽ എ.ഐ. വെബ് 3 കാമ്പസ് സ്ഥാപിക്കുക, സ്കൂളുകളിൽ എ.ഐ. വാരം ആരംഭിക്കുക, ഡേറ്റാ കേന്ദ്രങ്ങളെ ആകർഷിക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കുക, എ.ഐ. വ്യാപാര ലൈസൻസ് അവതരിപ്പിക്കുക എന്നിങ്ങനെ അഞ്ച് പ്രധാന പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. പ്രധാന മേഖലകളിലെല്ലാം നിർമിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ എമിറേറ്റിലെ ജീവിത നിലവാരം ഉയർത്താനാണ് ശ്രമിക്കുന്നത്.